ചാമ്പ്യൻസ് ലീഗിൽ വീണ്ടും വീണ്ടും റെക്കോർഡുകൾ തിരുത്തി എഴുതി ബാഴ്‌സലോണ നായകൻ ലയണൽ മെസ്സി. ചരിത്രപ്രസിദ്ധമായ ഹംഗേറിയൻ ക്ലബ് ആയ ഫെറങ്ക്വാറോസിനെ ബാഴ്‌സലോണ 5-1 നു തകർത്ത മത്സരത്തിൽ പെനാൽട്ടിയിലൂടെ ഗോൾ കണ്ടത്തിയ മെസ്സി ഒരു ഗോൾ ഒരുക്കുകയും ചെയ്തിരുന്നു. തന്റെ 16 മത്തെ സീസണിൽ ചാമ്പ്യൻസ് ലീഗിൽ ഗോൾ കണ്ടത്തിയ മെസ്സി 16 സീസണുകളിൽ ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റയാൻ ഗിഗ്സിന്റെ റെക്കോർഡിന് ഒപ്പം എത്തി. തുടർച്ചയായ 16 മത്തെ സീസണിൽ ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ആദ്യ താരം കൂടിയാണ് മെസ്സി.
കൂടാതെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ തന്റെ 69 മത്തെ ഗോൾ കണ്ടത്തിയ മെസ്സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരവുമായി മാറി. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ പതിനൊന്നിൽ ഇറങ്ങിയ 43 മത്സരങ്ങളിൽ 56 ഗോളുകൾ ആണ് മെസ്സിയുടെ നേട്ടം. ടീമിന്റെ നായകൻ ആയി ചാമ്പ്യൻസ് ലീഗിൽ ഏറ്റവും അധികം ഗോൾ നേടുന്ന താരമായും ബാഴ്‌സലോണ നായകൻ ഇന്ന് മാറി. ചാമ്പ്യൻസ് ലീഗിൽ ഇന്ന് തന്റെ 36 മത്തെ എതിരാളികൾക്ക് എതിരെ കൂടിയാണ് മെസ്സി ഗോൾ കണ്ടത്തിയത്. ഏറ്റവും കൂടുതൽ ടീമുകൾക്ക് എതിരെ ചാമ്പ്യൻസ് ലീഗിൽ ഗോൾ അടിച്ച തന്റെ തന്നെ റെക്കോർഡ് മെസ്സി അങ്ങനെ ഇന്ന് കൂട്ടുകയും ചെയ്തു.