ചാമ്പ്യൻസ് ലീഗ് ആദ്യ പാദ സെമിഫൈനലിൽ വിയ്യറയലിനെ മറികടന്നു ലിവർപൂൾ. വിയ്യറയലിന്റെ പ്രതിരോധ പൂട്ട് മറികടന്നു ലിവർപൂൾ. മത്സരത്തിൽ ഏതാണ്ട് 70 ശതമാനത്തിൽ അധികം പന്ത് കൈവശം വച്ച ലിവർപൂൾ ആദ്യ പകുതിയിൽ നിരവധി ഗോൾ ശ്രമങ്ങൾ ആണ് നടത്തിയത്. ഇടക്ക് മാനെക്കും സലാഹിനും ലഭിച്ച അവസരങ്ങൾ ഇരുവർക്കും ലക്ഷ്യം കാണാൻ ആയില്ല. ഇടക്ക് തിയാഗോയുടെ ലോങ് ഷോട്ട് ബാറിൽ തട്ടി മടങ്ങിയതും കാണാൻ ആയി. ആൻഫീൽഡിലെ ആരാധകർക്ക് കടുത്ത നിരാശയാണ് എമറെയുടെ ടീം ആദ്യ പകുതിയിൽ നൽകിയത്.
രണ്ടാം പകുതിയിൽ പക്ഷെ ലിവർപൂൾ വിയ്യറയൽ പ്രതിരോധം മറികടന്നു. 53 മത്തെ മിനിറ്റിൽ ക്യാപ്റ്റൻ ജോർദൻ ഹെന്റേഴ്സന്റെ ക്രോസ് പെർവിസ് എസ്റ്റുപിനാന്റെ കാലിൽ തട്ടി പോസ്റ്റിൽ കേറിയതോടെ ലിവർപൂൾ മത്സരത്തിൽ മുന്നിലെത്തി. രണ്ടു മിനിറ്റുകൾക്ക് ശേഷം ലിവർപൂൾ തങ്ങളുടെ മുൻതൂക്കം ഇരട്ടിയാക്കി. മുഹമ്മദ് സലാഹിന്റെ മികച്ച നീക്കത്തിനും പാസിനും ഒടുവിൽ സാദിയോ മാനെ ആണ് അവർക്ക് രണ്ടാം ഗോൾ സമ്മാനിച്ചത്. സീസണിലെ മാനെയുടെ ഇരുപതാം ഗോൾ ആയിരുന്നു ഇത്. അടുത്ത ആഴ്ച സ്‌പെയിനിൽ ഈ മുൻതൂക്കവും ആയി വരുന്ന ലിവർപൂളിനെ മറികടക്കാൻ വിയ്യറയലിന് ആവുമോ എന്നു കണ്ടറിയണം.