ചാമ്പ്യൻസ് ലീഗിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു ലാസിയോ. ഇറ്റാലിയൻ സീരി എയിൽ മോശം തുടക്കം ലഭിച്ച ലാസിയോ മികച്ച ജയം ആണ് ജർമ്മൻ ടീമിന് എതിരെ സീസണിലെ ആദ്യ ചാമ്പ്യൻസ് മത്സരത്തിൽ നേടിയത്. ഗ്രൂപ്പ് എഫിൽ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ മുൻ ഡോർട്ട്മുണ്ട് താരം ചിരോ ഇമ്മോബെയിൽ, മാർവിൻ ഹിറ്റ്സിന്റെ സെൽഫ് ഗോൾ, അക്പ അകപ്രൊ എന്നിവരുടെ ഗോളിൽ ആണ് ലാസിയോ ജയം കണ്ടത്. ഹാലണ്ടിന്റെ വക ആയിരുന്നു ഡോർട്ട്മുണ്ടിന്റെ ആശ്വാസഗോൾ.
മത്സരത്തിൽ 65 ശതമാനം സമയം പന്ത് കൈവശം വച്ച ഡോർട്ട്മുണ്ട് ആണ് ആധിപത്യം പുലർത്തിയത് എങ്കിലും ആറാം മിനിറ്റിൽ തന്നെ ലാസിയോ മുന്നിലെത്തി. 2014 നു ശേഷം തന്റെ ആദ്യ ഗോൾ ആണ് ഇമ്മോബെയിൽ ചാമ്പ്യൻസ് ലീഗിൽ നേടിയത്. മുമ്പ് 4 തവണ ചാമ്പ്യൻസ് ലീഗിൽ ഗോൾ അടിച്ച ഇമ്മോബെയിൽ ലാസിയോക്ക് ആയി ചാമ്പ്യൻസ് ലീഗിൽ നേടുന്ന ആദ്യ ഗോൾ. തുടർന്ന് 23 മത്തെ മിനിറ്റിൽ ഹിറ്റ്സിന്റെ അബദ്ധം ലാസിയോ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ 71 മത്തെ മിനിറ്റിൽ ഹാലണ്ടിന്റെ ഗോൾ ഡോർട്ട്മുണ്ടിനു പ്രതീക്ഷ നൽകിയെങ്കിലും 76 മത്തെ മിനിറ്റിൽ അകപ്രൊയിലൂടെ ലാസിയോ ജയം ഉറപ്പിച്ചു. നീണ്ട ഇടവേളക്ക് ശേഷം ചാമ്പ്യൻസ് ലീഗിൽ തിരിച്ചു വരുന്ന ലാസിയോക്ക് ഈ ജയം വലിയ പ്രചോദനം ആവും എന്നുറപ്പാണ്.