ഇന്നലെ ചാമ്പ്യൻസ് ലീഗിൽ കണ്ടത് ഹാളണ്ടിന്റെ വിളയാട്ട് ആയിരുന്നു. ഡോർട്മുണ്ടിന്റെ യുവ സ്ട്രൈക്കർ ഒരു യൂറോപ്യൻ രാവ് കൂടെ തന്റേത് മാത്രമാക്കി. സെവിയ്യയെ എവേ മത്സരത്തിൽ 3-2 എന്ന സ്കോറിന് ഡോർട്മുണ്ട് പരാജയപ്പെടുത്തിയപ്പോൾ മൂന്ന് ഗോളുകളിലും ഹാളണ്ടിന് പങ്കുണ്ടായിരുന്നു. ഏഴാം മിനുട്ടിൽ സുസോയുടെ ഗോളിൽ സെവിയ്യ മുന്നിൽ എത്തിയപ്പോൾ ഡോർട്മുണ്ട് ഒന്ന് പകച്ചിരുന്നു.
എന്നാൽ ഹാളണ്ടിന്റെ മികവിൽ ആദ്യ പകുതിയിൽ തന്നെ കളി തങ്ങളൂടെതാക്കി മാറ്റിമറിക്കാൻ ഡോർട്മുണ്ടിനായി. 19ആം മിനുട്ടിൽ ദാഹൂദിന്റെ ഒരു ലോങ് റേഞ്ചർ ആണ് കളിയിലേക്ക് ഡോർട്മുണ്ടിനെ തിരികെ കൊണ്ടുവന്നത്. ആ ഗോളിന്റെ അസിസ്റ്റ് ഹാളണ്ടിന്റെ വക ആയിരുന്നു. 27ആം മിനുട്ടിൽ ആയിരുന്നു ഹാളണ്ടിന്റെ ആദ്യ ഗോൾ. ഹാളണ്ട് മധ്യനിരയിൽ നിന്ന് പന്തെടുത്ത് മുന്നേറി സാഞ്ചോയുമായി വൺ ടച്ച് പാസു കളിച്ച ശേഷമായിരുന്നു ആ ഗോൾ നേടിയത്.
42ആം മിനുട്ടിൽ റിയുസിന്റെ പാസിൽ നിന്ന് ഒരു ഇടം കാലൻ ഷോട്ടിലൂടെ ഹാളണ്ട് തന്റെ മൂന്നാം ഗോളും നേടി. ചാമ്പ്യൻസ് ലീഗിൽ ഇതുവരെ 13 മത്സരങ്ങൾ കളിച്ച ഹാളണ്ട് ഇതിനകം 18 ഗോളുകൾ നേടി കഴിഞ്ഞു. താൻ നേരിട്ട എല്ലാ ടീമിനെതിരെയും ഹാളണ്ട് ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടിയിട്ടുണ്ട്.