ഇന്ന് യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും വലിയ അങ്കമാണ്. ഇന്ന് പോർട്ടോയിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയുമാണ് നേർക്കുനേർ വരുന്നത്. സൂപ്പർ താരങ്ങളുടെ രണ്ടു വൻ നിരകൾ പരസ്പരം പോരാടുമ്പോൾ ആര് അവസാനമായി കിരീടത്തിൽ മുത്തംവെക്കും എന്നത് പ്രവചനാതീതമാണ്. പെപ് ഗ്വാർഡിയോളയും ടൂഹലും അവസാന രണ്ടു തവണ ഏറ്റുമുട്ടിയപോഴും വിജയം ചെൽസിക്ക് ഒപ്പമായിരുന്നു.
എഫ് എ കപ്പിലും പ്രീമിയർ ലീഗിലുമായിരുന്നു ചെൽസി മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്. ആ രണ്ടു പരാജയങ്ങൾക്കും ഇന്ന് മറുപടി പറയുകയാകും മാഞ്ചസ്റ്റർ സിറ്റിയുടെ ലക്ഷ്യം. മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലാണ് ഇത്. ഈ കിരീടം കൂടെ നേടിക്കൊടുത്താൽ പെപ് ഗ്വാർഡിയോളയ്ക്ക് സിറ്റിക്ക് എല്ലാ കിരീടങ്ങളും നേടിക്കൊടുത്തു എന്ന സംതൃപ്തിയിൽ എത്താം. സിറ്റി ഇതിഹാസം അഗ്വേറോയ്ക്ക് തന്റെ സ്വപ്ന കിരീടവുമായി സിറ്റിയോട് വിടപറയുകയുമാവാം.
ചെൽസി രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടമാണ് ലക്ഷ്യമിടുന്നത്. ടൂഹലിന്റെ കീഴിലെ ചെൽസിയുടെ ആദ്യ കിരീടം എന്ന കാത്തിരിപ്പിനും അവർക്ക് ഇന്ന് അവസാനം കുറിക്കേണ്ടതുണ്ട്. ഈ സീസണിൽ ചെൽസിയുടെ രണ്ടാം ഫൈനലാണിത്. ആദ്യ ഫൈനലിൽ എഫ് എ കപ്പിൽ ലെസ്റ്റർ സിറ്റിയോട് അവർ പരാജയപ്പെട്ടിരുന്നു. അവസാന കുറച്ച് മത്സരങ്ങളിൽ ചെൽസി നിറം മങ്ങിയിരുന്നു എങ്കിലും സിറ്റിയെ പരാജയപ്പെടുത്താൻ കഴിയുന്ന അപൂർവ്വം ചില ടീമുകളിൽ ഒന്നാണ് ടൂഹലിന്റെ ചെൽസി.
ടൂഹൽ വന്നതു മുതൽ ശക്തമായി നിൽക്കുന്ന ഡിഫൻസ് തന്നെയാണ് ചെൽസിയുടെ കരുത്ത്. പരിക്ക് മാറി കാന്റെ ഇന്ന് തിരികെയെത്തും. രണ്ടു ടീമിനും പരിക്കുകൾ ഇന്ന് പ്രശ്നമായി ഇല്ല. മുൻ നിരയിൽ വെർണർ അവസരങ്ങൾ മുതലാക്കും എന്നു മാത്രമാകും ചെൽസി ആരാധകരുടെ ഇന്നത്തെ പ്രാർത്ഥന. മാഞ്ചസ്റ്റർ സിറ്റി ഇന്ന് ഫാൾസ് നൈനുമായാണോ അതൊ ഒരു സ്ട്രൈക്കറെ ഇറക്കുമോ എന്നതു കണ്ടറിയണം. റൂബൻ ഡയസിന്റെ ഡിഫൻസ് തന്നെ ആകും സിറ്റിയുടെ വലിയ കരുത്ത്.
ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം തത്സമയം സോണി ലൈവിൽ കാണാം.