ഇന്ത്യ ഇന്ന് യു എ ഇക്ക് എതിരെ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വരെ ‘ഇന്ത്യയ അല്ലെ എത്ര ഗോൾ വാങ്ങും എന്ന് നോക്കിയാൽ മതി’ എന്നൊക്കെ പറയുമായിരുന്നു. പക്ഷെ ഇന്ന് യു എ ഇക്ക് എതിരെ ഇറങ്ങുമ്പോൾ ഇന്ത്യൻ ആരാധകർക്ക് ഒരു അട്ടിമറിയിൽ വരെ പ്രതീക്ഷയുണ്ട്. എമിറേറ്റ്സിൽ വെച്ച് ആണ് കളി എങ്കിൽ പോലും ഇമാറാത്തിലെ ഫുട്ബോൾ ആരാധകർക്ക് വരെ ഭയമുണ്ട്… ഒരു പ്രകടനം അത് ഇന്ത്യൻ ഫുട്ബോളിനെ ആൾക്കാർ കാണുന്ന വിധമേ മാറ്റിയിരിക്കുന്നു എന്ന് പറയാം.
തായ്ലാന്റിനെതിരെ 4-1 എന്ന വിജയം ആരും പ്രവചിക്കാത്ത ഒന്നായിരുന്നു. എന്നാൽ ഇന്ന് പല പ്രവചനങ്ങളും ചുറ്റും ഉണ്ട്. അതുകൊണ്ട് തന്നെ കോൺസ്റ്റന്റൈനും ഇന്ത്യയുടെ താരങ്ങൾക്കും ഉത്തരവാദിത്വവും കൂടിയിരിക്കുന്നു. അന്ന് തായ്ലാന്റിനെതിരെ നടന്നത് ഒരു അത്ഭുതമല്ല എന്ന് ടീമിന് തെളിയിച്ച് കൊടുക്കേണ്ടതുണ്ട്. യു എ ഇയെ പരാജയപ്പെടുത്തുന്നത് ഒന്നും ഫുട്ബോൾ നിരീക്ഷകർ ലക്ഷ്യമായി വെക്കുന്നുണ്ടാവില്ല. പക്ഷെ യു എ ഇയെ നിരാശരാക്കാൻ ഇന്ത്യക്ക് ഇന്ന് ആയാൽ അത് നോക്കൗട്ട് റൗണ്ടിലേക്ക് ഇന്ത്യയുടെ കാൽ എത്തിക്കും.
സ്വന്തം നാട്ടിൽ ആണ് കളി എങ്കിലും ഫോമിൽ എത്താൻ യു എ ഇക്ക് ആയിട്ടില്ല. ആദ്യ മത്സരത്തിൽ ബഹ്റൈനെതിരെ ഭാഗ്യം കൊണ്ട് മാത്രമാണ് യു എ ഇ സമനില സ്വന്തമാക്കിയത്. ഒരിക്കൽ കൂടി ജയിക്കാൻ കഴിഞ്ഞില്ല എങ്കിൽ യു എ ഇക്ക് അത് വലിയ നാണക്കേടാകും. ഇന്ത്യയുടെ തായ്ലാന്റിനെതിരെ ഉള്ള പ്രകടനം കണ്ടതിനാൽ കൂടുതൽ തയ്യാറെടുപ്പും ഇന്ന് യു എ ഇ നടത്തും.
ഇന്ത്യ ഇന്ന് വലിയ മാറ്റങ്ങൾ ഇല്ലാതെ ആകും ഇറങ്ങുക ആഷിഖ് കുരുണിയൻ ഇന്നും ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്നത് മാത്രമെ സംശയമായുള്ളൂ. ഇന്ത്യയേക്കാൾ കരുത്തരാണ് എന്നതു കൊണ്ട് ഒരു ഡിഫൻസീവ് മൈൻഡുള്ള മധ്യനിര താരത്തെ ആദ്യ ഇലവനിൽ എത്തിച്ച് ആഷിഖിനെ ബെഞ്ചിലേക്ക് കോൺസ്റ്റന്റൈൻ മാറ്റാൻ സാധ്യതയുണ്ട്. വേറെ മാറ്റങ്ങൾ ഒന്നും ഇന്ത്യൻ ടീമിൽ വരാൻ സാധ്യതയില്ല.
വലിയ സ്റ്റേജിൽ തിളങ്ങാനുള്ള കഴുവ് തങ്ങൾക്ക് ഉണ്ട് എന്ന് മനസ്സിലാക്കിയ ഇന്ത്യൻ താരങ്ങൾ ഇന്ന് കൂടുതൽ ആത്മവിശ്വാസത്തോടെയാകും കളത്തിൽ ഇറങ്ങുക. നഷ്ടപ്പെടാൻ ഇന്ത്യക്ക് ഒന്നും ഇല്ല എന്നതുകൊണ്ട് സമ്മർദ്ദങ്ങക്കും ഇന്ത്യക്ക് കുറവായിരിക്കും. ഇന്ന് രാത്രി 9.30നാണ് മത്സരം നടക്കുക.