അണ്ടർ 15 യൂത്ത് ഐലീഗിന്റെ ഫൈനൽ റൗണ്ട് മത്സരങ്ങൾക്കായി ഗോകുലം എഫ് സി ടീം ഗോവയിലേക്ക് പുറപ്പെട്ടു. ജനുവരി 22നാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ആരംഭിക്കുന്നത്. കേരളത്തിൽ വെച്ച് നടന്ന റെസ്റ്റ് ഓഫ് ഇന്ത്യാ സോൺ ഗ്രൂപ്പ് മത്സരങ്ങളിൽ എല്ലാം വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായ ആത്മവിശ്വാസത്തോടെയാണ് ഗോകുലത്തിന്റെ കുട്ടികൾ ഗോവയിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്.
ഗ്രൂപ്പ് ഘട്ടത്തിൽ വയനാട് എഫ് സി, എഫ് സി കേരള, സായ് കേരള എന്നീ ടീമുകളെയാണ് ഗോകുലം തോൽപ്പിച്ചത്. നന്ദു ആണ് ഗോകുലത്തിന്റെ അണ്ടർ 15 ടീമിനെ നയിക്കുന്നത്. ഈസ്റ്റ് ബംഗാൾ താരമായ പി സുഹൈറിന്റെ സഹോദരൻ വി പി സുനീർ ആണ് ടീമിന്റെ ഹെഡ് കോച്ച്, ഷെൽവൻ ആണ് അസിസ്റ്റന്റ് കോച്ച്. ഒപ്പം ടീം മാനേജറായി റാസിയും ഉണ്ട്. മലപ്പുറം കോട്ടപ്പടി ഗ്രൗണ്ടിൽ പരിശീലനം നടത്തി വരികയായിരുന്നു ടീം. ജില്ലയിലെ മികച്ച ടീമുകളുമായി സന്നാഹ മത്സരങ്ങളും ടീം ഐ ലീഗ് ഒരുക്കത്തിനായി കളിച്ചു.
കേരളത്തിൽ നിന്ന് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയ മൂന്നു ടീമുകളിൽ രണ്ട് ടീമുകളും മലപ്പുറത്ത് തന്നെയാണ്. ഗോകുലം എഫ് സിയും, എം എസ് പി മലപ്പുറവും. കൂടാതെ യോഗ്യത നേടിയ മൂന്നാമത്തെ ടീമായ കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ പരിശീലകനും മലപ്പുറം ജില്ലയിൽ നിന്ന് തന്നെയാണ് എന്നതും കൗതുകമാണ്. മലപ്പുറം സ്വദേശിയായ ഷമീൽ ചെമ്പകത്താണ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ.
എട്ടു ടീമുകൾ പങ്കെടുക്കുന്ന പ്ലേ ഓഫ് റൗണ്ടിലാണ് ആദ്യം ഗോകുലം എഫ് സി മത്സരിക്കേണ്ടത്. നാളെയാണ് പ്ലേ ഓഫ് റൗണ്ടിനായുള്ള ഗ്രൂപ്പ് ഡ്രോയും ഫിക്സ്ചറും തീരുമാനിക്കുന്നത്.
യോഗ്യത നേടിയ ടീമുകൾ; മിനേർവ അക്കാദമി, റിയൽ കാശ്മീർ എഫ് സി, സ്പോർട്സ് ഹോസ്റ്റൽ ഒഡീഷ, എം എസ് പി മലപ്പുറം, ഡി എസ് കെ ശിവജിയൻസ്, കേരള ബ്ലാസ്റ്റേഴ്സ്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial