ഡല്‍ഹി ക്യാപിറ്റല്‍സ് നല്‍കിയ 148 റണ്‍സ് വിജയ ലക്ഷ്യം ഒരു ഘട്ടത്തില്‍ അപ്രാപ്യമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഡേവിഡ് മില്ലറും ക്രിസ് മോറിസും ചേര്‍ന്ന് രാജസ്ഥാന് അവിശ്വസനീയ വിജയം നേടിക്കൊടുത്തു. അവസാന രണ്ടോവറില്‍ 27 റണ്‍സ് വേണ്ട ഘട്ടത്തില്‍ നിന്ന് 2 പന്ത് അവശേഷിക്കെ 7 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് നേടിയാണ് രാജസ്ഥാന്‍ വിജയം കൈവരിച്ചത്.
മനന്‍ വോറയുടെ(9) വിക്കറ്റാണ് ടീമിന് ആദ്യം നഷ്ടമായത്. താരത്തെ പുറത്താക്കിയ ക്രിസ് വോക്സ് അതേ ഓവറില്‍ ജോസ് ബട്‍ലറെയും പുറത്താക്കുകയായിരുന്നു. ഏതാനും പന്തുകള്‍ക്ക് ശേഷം കാഗിസോ റബാഡ ക്യാപ്റ്റന്‍ സഞ്ജു സാംസണെയും വീഴ്ത്തിയതോടെ കാര്യങ്ങള്‍ രാജസ്ഥാന് കൂടുതല്‍ പ്രയാസകരമായി.
ശിവം ഡുബേയുടെയും റിയാന്‍ പരാഗിന്റെയും വിക്കറ്റുകള്‍ അവേശ് ഖാന്‍ നേടിയപ്പോള്‍ രാജസ്ഥാന്‍ 42/5 എന്ന നിലയിലേക്ക് വീണു. ആറാം വിക്കറ്റില്‍ ക്രീസിലത്തിയ ഡേവിഡ് മില്ലര്‍ – രാഹുല്‍ തെവാത്തിയ കൂട്ടുകെട്ട് നേടിയ റണ്‍സിന്റെ ബലത്തില്‍ ലക്ഷ്യം അവസാന ആറോവറില്‍ 63 റണ്‍സ് ആക്കി കുറയ്ക്കുവാന്‍ സഹായിച്ചു.
33 പന്തില്‍ നിന്ന് 48 റണ്‍സ് നേടിയ കൂട്ടുകെട്ടിനെ പന്ത് കാഗിസോ റബാഡയിലൂടെ തകര്‍ക്കുകയായിരുന്നു. 19 റണ്‍സ് നേടിയ രാഹുല്‍ തെവാത്തിയയുടെ വിക്കറ്റാണ് റബാഡ നേടിയത്. അവേശ് ഖാനെ തുടരെ രണ്ട് സിക്സറുകള്‍ പറത്തി ഡല്‍ഹി ക്യാമ്പില്‍ പരിഭ്രാന്തി പരത്തിയ ഡേവിഡ് മില്ലറുടെ വിക്കറ്റ് അവേശ് ഖാന്‍ നേടിയതോടെ മത്സരത്തില്‍ ഡല്‍ഹി പിടിമുറുക്കുകയായിരുന്നു.
43 പന്തില്‍ 62 റണ്‍സ് നേടി ഡേവിഡ് മില്ലറുടെ വിക്കറ്റ് 16ാം ഓവറില്‍ രാജസ്ഥാന് നഷ്ടമായതോടെ ടീമിന്റെ അവസാന പ്രതീക്ഷയും അസ്തമിക്കുകയായിരുന്നു. അവസാന രണ്ടോവറില്‍ 27 റണ്‍സ് വേണ്ടിയിരുന്ന രാജസ്ഥാന് വേണ്ടി ക്രിസ് മോറിസ് തകര്‍പ്പന്‍ സിക്സുകള്‍ അടിച്ചപ്പോള്‍ കാഗിസോ റബാഡ എറിഞ്ഞ 19ാം ഓവറില്‍ നിന്ന് 15 റണ്‍സ് വരികയും അവസാന ഓവറില്‍ ലക്ഷ്യം 12 റണ്‍സുമായി മാറി.
ടോം കറന്‍ എറിഞ്ഞ അവസാന ഓവറില്‍ രണ്ട് സിക്സ് ഉള്‍പ്പെടെ 14 റണ്‍സ് നേടി ക്രിസ് മോറിസ് ആണ് മത്സരം രാജസ്ഥാനൊപ്പമാക്കി മാറ്റിയത്. മോറിസ് 18 പന്തില്‍ 36 റണ്‍സ് നേടിയപ്പോള്‍ 7 പന്തില്‍ 11 റണ്‍സുമായി ജയ്ദേവ് ഉനഡ്കടും മികച്ച് നിന്നു.
46 റണ്‍സാണ് എട്ടാം വിക്കറ്റില്‍ മോറിസ് – ജയ്ദേവ് കൂട്ടുകെട്ട് നേടിയത്.