ടുവൻസബെയാണ് താരം, എമ്പപ്പയെയും നെയ്മറിനെയും കീശയിലാക്കിയ പ്രകടനം!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങുമ്പോൾ ആദ്യ ഇലവനിൽ ടുവൻസബെയുടെ പേരു കണ്ടപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് വരെ ചെറിയ ഒരു ഭയം ഉണ്ടായിരുന്നു. ടുവൻസബെയുടെ ടാലന്റിൽ ഉള്ള വിശ്വാസ കുറവ് അല്ല അതിന് കാരണം. മറിച്ച് താരം ദീർഘകാലമായി പരിക്കേറ്റ് പുറത്തായിരുന്നു എന്നതും ഒരു മത്സരം കളിച്ചിട്ട് ഒരു വർഷം ആവാനായിരുന്നു എന്നതുമായിരുന്നു.

ടുവൻസബെ 2019 ഡിസംബറിൽ ആയിരുന്നു അവസാനമായി മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഒരു മത്സരം കളിച്ചത്. അത് കഴിഞ്ഞ് ഇറങ്ങുന്നത് ഇന്ന്. അതും നെയ്മർ, എമ്പപ്പെ സഖ്യത്തിന് എതിരെ. പക്ഷെ 22കാരന് ഒരു ചുവട് പോലും പിഴച്ചില്ല. 90 മിനുട്ടും പി എസ് ജി അറ്റാക്കിനെ പിടിച്ച് കെട്ടാൻ ടുവൻസബെയ്ക്ക് ആയി. മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസ് മുഴുവൻ മികച്ചു നിന്നു എങ്കിലും ടുവൻസെബെയുടെ പ്രകടനം ആയിരുന്നു എല്ലാവരെയും ഞെട്ടിച്ചത്.

എമ്പപ്പെയുടെ വേഗത മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു ഭീതിയും ഉയർത്താതെ പോയത് അതേ വേഗതയുമായി ടുവൻസബെ നിന്നത് കൊണ്ടാണ്. എമ്പപ്പെയുമായി ഒറ്റയ്ക്ക് ഒറ്റയ്ക്ക് വന്ന രണ്ട് അവസാന ലൈൻ ഡിഫൻസിലും വിജയം ടുവൻസബെയ്ക്ക് ആയിരുന്നു. എമ്പപ്പെയ്ക്ക് നിലത്ത് വീണ് നിരാശനായി ഇരിക്കാനെ പറ്റിയുള്ളൂ.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിന് ഒരു മുതൽകൂട്ടാവാനുള്ള ടാലന്റാണ് ടുവൻസബെ എന്നാണ് ഇന്നത്തെ പ്രകടനം കാണിക്കുന്നത്. അബദ്ധങ്ങൾ മാത്രം കാണിക്കുന്ന ലിൻഡെലോഫ് മഗ്വയർ കൂട്ടുകെട്ടിൽ നിന്നുള്ള മോചനമായി ഒലെ ഗണ്ണാർ സോൾഷ്യാർ ടുവൻസബെയെ കാണുമോ എന്നത് മാത്രമാണ് ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഉറ്റുനോക്കുന്നത്