സാഷയുടെ പോരാട്ടത്തെ അതിജീവിച്ച് ഗ്രീക്ക് ടെന്നീസിൽ പുതു ചരിത്രം എഴുതി സിറ്റിപാസ് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ ഫൈനലിലേക്ക് മുന്നേറി ഗ്രീക്ക് യുവതാരം സ്റ്റെഫനോസ് സിറ്റിപാസ്. 22 കാരനായ സിറ്റിപാസ് ഒരു ഗ്രാന്റ് സ്‌ലാം ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഗ്രീക്ക് താരം എന്ന ചരിത്രവും ഇന്ന് കുറിച്ചു. അഞ്ചാം സീഡ് ആയ സിറ്റിപാസ് ആറാം സീഡ് ആയ ജർമ്മൻ യുവതാരം അലക്‌സാണ്ടർ സാഷ സെരവിനെ 5 സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനു ഒടുവിൽ ആണ് കീഴടക്കിയത്. മൂന്നര മണിക്കൂറിൽ ഏറെ നീണ്ട മത്സരം ഇരു യുവതാരങ്ങളുടെയും കഴിവ് പരീക്ഷിക്കുന്നത് തന്നെയായിരുന്നു. ആദ്യ സെറ്റിൽ വേഗം ബ്രൈക്ക് കണ്ടത്താൻ സാധിച്ച സിറ്റിപാസ് സെറ്റ് 6-3 നു നേടി മത്സരത്തിൽ മുന്നിലെത്തി. എന്നാൽ രണ്ടാം സെറ്റിൽ മികച്ച തുടക്കം കിട്ടിയ സാഷ സിറ്റിപാസിന്റെ ആദ്യ സർവീസ് തന്നെ ബ്രൈക്ക് ചെയ്തു വേഗം 3-0 നു മുന്നിലെത്തി. എന്നാൽ അവിടെ നിന്നു തിരിച്ചു വന്ന ഗ്രീക്ക് താരം തുടർച്ചയായി ബ്രൈക്ക് കണ്ടത്തി രണ്ടാം സെറ്റ് 6-3 നു നേടി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. സിറ്റിപാസിന്റെ ആധിപത്യം തന്നെയാണ് ആദ്യ രണ്ടു സെറ്റിലും കണ്ടത്.

എന്നാൽ മൂന്നാം സെറ്റിൽ പൊരുതാൻ ഉറച്ച സാഷ നിർണായക ബ്രൈക്ക് കണ്ടത്തി സെറ്റ് 6-4 നു നേടി മത്സരം നാലാം സെറ്റിലേക്ക് നീട്ടി. ഇടക്ക് അമ്പയറുടെ മോശം തീരുമാനത്തിൽ കലഹിച്ച സാഷ അത് തന്റെ പ്രകടത്തെ ബാധിക്കാൻ അനുവദിച്ചില്ല. നാലാം സെറ്റിലും സമാനമായ പ്രകടനം തന്നെയാണ് സാഷയിൽ നിന്നു ഉണ്ടായത്. ഭാഗ്യവും തുടർച്ചയായി അബദ്ധങ്ങൾ വരുത്തിയ സിറ്റിപാസും തുണച്ചപ്പോൾ നാലാം സെറ്റ് 6-4 നു നേടി സാഷ മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. മത്സരത്തിൽ പതിവ് പോലെ സർവീസിന് ഇടയിൽ എതിരാളിയെ കത്തിരിപ്പിക്കുന്നത് അടക്കമുള്ള പ്രകോപനങ്ങൾ തുടരാനും സിറ്റിപാസ് മറന്നില്ല.

അഞ്ചാം സെറ്റിൽ തന്റെ മികവ് തിരിച്ചു പിടിച്ച സിറ്റിപാസ് സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തി മത്സരത്തിൽ ആധിപത്യം പിടിച്ചു. തന്റെ സർവീസിൽ 4 മാച്ച് പോയിന്റുകൾ രക്ഷിക്കാൻ ആയെങ്കിലും സെറ്റ് 6-3 അടിയറവ് പറഞ്ഞ സാഷക്ക് അനിവാര്യമായ തോൽവി ഒഴിവാക്കാൻ ആയില്ല. മത്സരത്തിലെ തന്റെ എട്ടാം ഏസിലൂടെ ഫൈനൽ ഉറപ്പിച്ച സിറ്റിപാസ് ഗ്രീക്ക് ടെന്നീസിന് ആയി ചരിത്രം കുറിച്ചു. മത്സരത്തിൽ 11 ഏസുകൾ ഉതിർത്ത സാഷ 7 ഇരട്ട സർവീസ് പിഴവുകൾ ആണ് വരുത്തിയത് അതേസമയം 3 ഇരട്ട സർവീസ് പിഴവുകൾ ആണ് സിറ്റിപാസിൽ നിന്നുണ്ടായത്. 3 ബ്രൈക്ക് പോയിന്റുകൾ കണ്ടത്തിയ സാഷക്ക് എതിരെ 5 ബ്രൈക്ക് പോയിന്റുകൾ കണ്ടത്താൻ സിറ്റിപാസിന് ആയി. ഫൈനലിൽ ഇതിഹാസ താരങ്ങൾ ആയ റാഫേൽ നദാൽ, നൊവാക് ജ്യോക്കോവിച്ച് സെമിഫൈനൽ മത്സര വിജയിയെ ആണ് സിറ്റിപാസ് നേരിടുക. ടെന്നീസിലെ യുവ തലമുറയുടെ പതാക വാഹകൻ ആവാൻ സിറ്റിപാസിന് ആവുമോ എന്നു കണ്ടു തന്നെ അറിയണം.