ചരിത്രത്തിൽ ആദ്യമായി ത്രിപുര ഫുട്ബോൾ ലീഗിൽ രണ്ട് മലയാളികൾ കളിക്കുന്നു. മലയാളി താരങ്ങളായ നിതിൻ, ഫസലു റഹ്മാൻ എന്നിവരാണ് ത്രിപുരയിലേക്ക് പോകുന്നത്. ത്രിപുര ക്ലബായ അഗൈയ ചലോ സംഘയാണ് ഇരു താരങ്ങളെയും സൈൻ ചെയ്തിരിക്കുന്നത്. ഇരുവരുമായി ക്ലബ് കരാർ ഒപ്പിട്ടു. ത്രിപുര ഫുട്ബോൾ ലീഗിലും ഒപ്പം റകൽ ഷീൽഡ് ടൂർണമെന്റിലും ഇരുവരും കളിക്കും.
ഡിഫൻഡറായ നിതിൻ കെ മലപ്പുറം തിരുന്നാവായ സ്വദേശിയാണ്. സെന്റർ ബാക്കായും വിങ്ങ് ബാക്കായും കഴവ് തെളിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ കേരള പ്രീമിയർ ലീഗിൽ സെമിയിൽ എത്തിയ സാറ്റ് തിരൂരിനൊപ്പം ഉണ്ടായിരുന്നു. ബെംഗളുരു ക്ലബായ ഓസോൺ എഫ് സിക്കായും കളിച്ചിട്ടുണ്ട്. ഓസോണിനൊപ്പം ബെംഗളൂരു ഡിവിഷൻ ചാമ്പ്യനും ആയിരുന്നു. നിരവധി തവണ ആലപ്പുഴ ജില്ലാ ടീമിന്റെ ഭാഗവുമായിട്ടുണ്ട്.
മലപ്പുറം താനൂർ സ്വദേശിയായ ഫസലു റഹ്മാൻ വിങ്ങിൽ കളിക്കുന്ന താരമാണ്. ലെഫ്റ്റ് മിഡായും റൈറ്റ് മിഡായും ഇറങ്ങിയിട്ടുമുണ്ട്. ഫസലുവും ഓസോണിലും ഒപ്പം സാറ്റ് തിരൂരിലും കളിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലാ ടീമിനായി സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ കെ പി എല്ലിൽ മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റും സാറ്റിനായി ഫസലു നേടിയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial