ത്രിപുരയിലെ ഫുട്ബോൾ ലോകത്ത് താരമായി മാറുകയാണ് മലയാളി താരമായ ഫസലു റഹ്മാൻ. ത്രിപുരയിൽ എഗിയോ ചാലേ സംഘ് എന്ന ടീമിനായി രണ്ട് ആഴ്ച മുമ്പ് മാത്രം സൈൻ ചെയ്ത ഫസലു തന്റെ ടീമിനെ സ്വന്തം തോളിലേറ്റി മുന്നേറുകയാണ്. റകൽ ഷീൽഡ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്നലെ ഫസലുവിന്റെ മികവിൽ എഗിയോ ചാലോ ഫൈനലിലേക്ക് കുതിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ ടൗൺ ക്ലബ് ത്രിപുരയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് എഗിയോ ചാലോ പരാജയപ്പെടുത്തിയപ്പോൾ മൂന്ന് ഗോളുകളിലും ഫസലുവിന്റെ പങ്കുണ്ടായിരുന്നു.
രണ്ട് ഗോളുകൾ നേടിയതും മൂന്നാമത്തെ ഗോൾ ഒരുക്കിയതും ഫസലുവാണ്. ഇന്നലത്തെ ജയത്തോടെ എഗിയോ ചാലോ ഫൈനലിലേക്ക് കടന്നു. കഴിഞ്ഞ മത്സരത്തിലും ഫസലു തന്നെ ആയിരുന്നു താരം. ഇതുവരെ ടൂർണമെന്റിൽ രണ്ട് മത്സരങ്ങൾ കളിച്ച ഫസലുവിന് നാല് ഗോളുകളും മൂന്ന് അസിസ്റ്റും തന്റെ പേരിലാക്കാൻ കഴിഞ്ഞു.
മലപ്പുറം സ്വദേശിയായ നിധിനും ടീമിൽ ഫസലിനൊപ്പം ഉണ്ട്. ഇവർ രണ്ട് പേരും ത്രിപുര ടീമിനായി കളിക്കുന്ന ആദ്യ മലയാളികളാണ്. ഡിഫൻഡറായ നിതിൻ കെ കഴിഞ്ഞ കേരള പ്രീമിയർ ലീഗിൽ സെമിയിൽ എത്തിയ സാറ്റ് തിരൂരിനൊപ്പം ഉണ്ടായിരുന്നു. ബെംഗളുരു ക്ലബായ ഓസോൺ എഫ് സിക്കായും കളിച്ചിട്ടുണ്ട്.
മലപ്പുറം താനൂർ സ്വദേശിയായ ഫസലുവും ഓസോണിലും ഒപ്പം സാറ്റ് തിരൂരിലും കളിച്ചിട്ടുണ്ട്. കഴിഞ്ഞ കെ പി എല്ലിൽ മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റും സാറ്റിനായി ഫസലു നേടിയിരുന്നു.