ശര്‍ദ്ധുൽ താക്കൂര്‍ ആന്‍ഡ്രേ റസ്സലിന്റെയും വെങ്കിടേഷ് അയ്യരുടെയും വിക്കറ്റുകള്‍ നേടി ചെന്നൈ ബൗളര്‍മാരിൽ തിളങ്ങിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 171 റൺസ്. അവസാന ഓവറുകളിൽ ദിനേശ് കാര്‍ത്തിക്കിന്റെ തട്ടുപൊളിപ്പന്‍ ബാറ്റിംഗാണ് കൊല്‍ക്കത്തയ്ക്ക് മികച്ച സ്കോര്‍ നേടിക്കൊടുത്തത്. 6 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ടീം നേടിയത്.
ആദ്യ ഓവറിൽ തന്നെ ശുഭ്മന്‍ ഗിൽ റണ്ണൗട്ടായ ശേഷം വെങ്കടേഷ് അയ്യരും രാഹുല്‍ ത്രിപാഠിയും കൊല്‍ക്കത്തയെ പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ 50 എന്ന സ്കോറിലേക്ക് എത്തിച്ചുവെങ്കിലും 18 റൺസ് നേടിയ അയ്യരെ പുറത്താക്കി താക്കൂര്‍ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു.
ഓയിന്‍ മോര്‍ഗനെ ഹാസൽവുഡ് വീഴ്ത്തിയപ്പോള്‍ 33 പന്തിൽ 45 റൺസ് നേടി അപകടകാരിയായ മാറുകയായിരുന്ന രാഹുല്‍ ത്രിപാഠിയെ രവീന്ദ്ര ജഡേജ പുറത്താക്കുകയായിരുന്നു. 89/4 എന്ന നിലയിലേക്ക് വീണ കൊല്‍ക്കത്തയ്ക്ക് റസ്സൽ ക്രീസിലുള്ളത് പ്രതീക്ഷയായി നിലകൊണ്ടു.
നിതീഷ് റാണയും ആന്‍ഡ്രേ റസ്സലും 36 റൺസ് കൂട്ടുകെട്ട് നേടി അവസാന ഓവറിലേക്ക് മത്സരം കൊണ്ടെത്തിക്കുമെന്ന തോന്നിപ്പിച്ച നിമിഷത്തിലാണ് താക്കൂര്‍ റസ്സലിനെ പുറത്താക്കിയത്. 15 പന്തിൽ 20 റൺസാണ് റസ്സൽ നേടിയത്.
റസ്സൽ പുറത്തായ ശേഷം ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക് അടിച്ച് തകര്‍ത്തപ്പോള്‍ കൊല്‍ക്കത്ത മികച്ച സ്കോര്‍ നേടുകയായിരുന്നു. 11 പന്തിൽ 26 റൺസാണ് ദിനേശ് കാര്‍ത്തിക് നേടിയത്. ജോഷ് ഹാസൽവുഡിനാണ് വിക്കറ്റ്. നിതീഷ് റാണ് 27 പന്തിൽ 37 റൺസുമായി പുറത്താകാതെ നിന്നു.