ബ്രാത്‍വൈറ്റിന്റെ പോരാട്ടം വിഫലം, 5 റണ്‍സ് അകലെ കീഴടങ്ങി കരീബിയന്‍ കരുത്ത്

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

ഒരു ഘട്ടത്തില്‍ കൈവിട്ട കളി ഒറ്റയ്ക്ക് തിരികെ വിന്‍ഡീസിനു അനുകൂലമാക്കി തിരിച്ചുവെങ്കിലും ലക്ഷ്യത്തിന് അഞ്ച് റണ്‍സ് അകലെ കാര്‍ലോസ് ബ്രാത്‍വൈറ്റിനു കാലിടറിയപ്പോള്‍ ത്രസിപ്പിക്കുന്ന വിജയം കൈവിട്ട് വിന്‍ഡീസ്. ഇന്ത്യയെ പോലെ ന്യൂസിലാണ്ടും മത്സരത്തിന്റെ അവസാനത്തില്‍ കടന്ന് കൂടുന്ന കാഴ്ചയാണ് ഇന്ന് ഓള്‍ഡ് ട്രാഫോര്‍ഡില്‍ കണ്ടത്. 82 പന്തില്‍ നിന്ന് 101 റണ്‍സ് നേടിയാണ് കാര്‍ലോസ് ബ്രാത്‍വൈറ്റ് ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്തായത്.

 

ക്രിസ് ഗെയില്‍, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ് എന്നിവര്‍ വിന്‍ഡീസിനായി പൊരുതി നോക്കിയെങ്കിലും ട്രെന്റ് ബോള്‍ട്ടിന്റെ കനത്ത പ്രഹരങ്ങള്‍ക്ക് മുന്നില്‍ പത്തി മടക്കി വിന്‍ഡീസ്. മത്സരത്തില്‍ 49 ഓവറില്‍ വിന്‍ഡീസ് ഓള്‍ഔട്ട് ആവുകയായിരുന്നു. 286 റണ്‍സിന് ടീമിന്റെ ചേസിംഗ് അവസാനിച്ചപ്പോള്‍ ന്യൂസിലാണ്ടിന് 5 റണ്‍സിന്റെ വിജയം കൈവരിക്കാനായി. മാറ്റ് ഹെന്‍റിയുടെ ഓവറില്‍ 25 റണ്‍സ് നേടി മത്സരം കീഴ്മേല്‍ മറിച്ചുവെങ്കിലും ജെയിംസ് നീഷം എറിഞ്ഞ അടുത്ത ഓവറിലെ ആദ്യ അഞ്ച് പന്തില്‍ നിന്ന് 2 റണ്‍സ് നേടിയ ശേഷം കാര്‍ലോസ് ബ്രാത്‍വൈറ്റിന്റെ കൂറ്റനടി ട്രെന്റ് ബോള്‍ട്ട് പിടിച്ചപ്പോള്‍ കരീബിയന്‍ കരുത്ത് വാടിപ്പോകുന്ന കാഴ്ചയാണ് കണ്ടത്.

292 റണ്‍സ് വിജയ ലക്ഷ്യം തേടിയറങ്ങിയ വിന്‍ഡീസിന് ആദ്യ പ്രഹരങ്ങള്‍ നല്‍കിയത് ട്രെന്റ് ബോള്‍ട്ട് തന്നെയായിരുന്നു. ഷായി ഹോപിനെയും നിക്കോളസ് പൂരനെയും മടക്കിയ ശേഷം ക്രിസ് ഗെയിലും ഷിമ്രണ്‍ ഹെറ്റ്മ്യറും തുടങ്ങി വെച്ച ബാറ്റിംഗ് വെടിക്കെട്ട് കാര്‍ലോസ് ബ്രാത്‍വൈറ്റ് തുടര്‍ന്ന് വിന്‍ഡീസിനെ ത്രസിപ്പിക്കുന്ന വിജയത്തിലേക്ക് നയിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചുവെങ്കിലും കളി അവസാന ഓവറിനു തൊട്ട് മുമ്പ് വിന്‍ഡീസ് കൈവിട്ടു.

മൂന്നാം വിക്കറ്റായി 54 റണ്‍സ് നേടിയ ഹെറ്റ്മ്യറുടെ വിക്കറ്റ് വീഴ്ത്തി ലോക്കി ഫെര്‍ഗൂസണ്‍ ആണ് വീണ്ടും ന്യൂസിലാണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 122 റണ്‍സാണ് ഗെയില്‍-ഹെറ്റ്മ്യര്‍ കൂട്ടുകെട്ട് നേടിയത്. അടുത്ത പന്തില്‍ ജേസണ്‍ ഹോള്‍റുടെ വിക്കറ്റ് നേടി ലോക്കി ഫെര്‍ഗൂസണ്‍ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റും നേടി.

142/2 എന്ന നിലയില്‍ നിന്ന് 152/5 എന്ന നിലയിലേക്ക് ഓവറുകളുടെ വ്യത്യാസത്തില്‍ വിന്‍ഡീസ് വീണപ്പോള്‍ ക്രിസ് ഗെയിലിന്റെ ഇന്നിംഗ്സിനു പരിസമാപ്തി വരികയായിരുന്നു. 8 ഫോറും 6 സിക്സും അടക്കം 84 പന്തില്‍ നിന്നായിരുന്നു വിന്‍ഡീസ് ഓപ്പണറുടെ ഇന്നിംഗ്സ്. കോളിന്‍ ഡി ഗ്രാന്‍ഡോമിനാണ് വിക്കറ്റ്. ട്രെന്റ് ബോള്‍ട്ട് ആഷ്‍ലി നഴ്സിനെയും എവിന്‍ ലൂയിസിനെയും പുറത്താക്കിയതോടെ വിന്‍ഡീസിന്റെ നില പരിതാപകരമായി. ഏഴ് വിക്കറ്റുകള്‍ വീണപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ വെറും 164 റണ്‍സാണ് പിറന്നത്.

പിന്നീട് വാലറ്റത്തെ കൂട്ടുപിടിച്ച് കാര്‍ലോസ് ബ്രാ‍ത്‍വൈറ്റ് നടത്തിയ ചെറുത്ത് നില്പാണ് ഓള്‍ഡ് ട്രാഫോര്‍ഡിലെ കാണികള്‍ക്ക് കാണാനായത്. കെമര്‍ റോച്ചുമായി(14) 47 റണ്‍സും ഷെല്‍ഡണ്‍ കോട്രെല്ലുമായി(15) 34 റണ്‍സിന്റെ കൂട്ടുകെട്ട് നേടിയ ബ്രാത്‍വൈറ്റ് ഒരു വശത്ത് നില്‍ക്കുന്നുണ്ടെങ്കിലും മറുവശത്ത് ഒരു വിക്കറ്റ് മാത്രം അവശേഷിക്കെ ജയിക്കുവാന്‍ അവസാന അഞ്ചോവറില്‍ നിന്ന് വിന്‍ഡീസ് 47 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്.

ഒഷയ്ന്‍ തോമസിനെ കൂട്ടുപിടിച്ച് അവസാന വിക്കറ്റില്‍ കാര്‍ലോസ് ബ്രാത്‍വൈറ്റ് നടത്തിയ ചെറുത്ത്നില്പിന്റെ ഫലമായി ലക്ഷ്യം 18 പന്തില്‍ നിന്ന് 33 റണ്‍സായി മാറുകയായിരുന്നു. 48ാം ഓവര്‍ എറിഞ്ഞ മാറ്റ് ഹെന്‍റിയുടെ ഓവറില്‍ തുടരെ മൂന്ന് സിക്സുകളും ഒരു ബൗണ്ടറിയും നേടി ലക്ഷ്യം 9 റണ്‍സാക്കി മാറ്റിയ കാര്‍ലോസ് ബ്രാത്‍വൈറ്റ് അവസാന പന്തില്‍ സിംഗിള്‍ എടുത്തപ്പോള്‍ ഓവറില്‍ നിന്ന് പിറന്നത് 25 റണ്‍സായിരുന്നു. ഇതോടെ ലക്ഷ്യം രണ്ടോവറില്‍ 8 റണ്‍സായി മാറി.

80 പന്തില്‍ നിന്ന് തന്റെ ശതകം പൂര്‍ത്തിയാക്കിയ ബ്രാത്‍വൈറ്റ് ജെയിംസ് നീഷം എറിഞ്ഞ ഓവര്‍ കരുതലോടെയാണ് ബാറ്റ് വീശിയത്. എന്നാല്‍ അവസാന പന്തില്‍ ബ്രാതവൈറ്റ് പുറത്തായപ്പോള്‍ ഓവറില്‍ നിന്ന് വെറും രണ്ട് റണ്‍സാണ് വിന്‍ഡീസിനു നേടാനായത്. ലക്ഷ്യത്തിന് 5 റണ്‍സ് അകലെ വിന്‍ഡീസ് പൊരുതി വീഴുകയായിരുന്നു.

പത്തോവറില്‍ വെറും 30 റണ്‍സ് വിട്ട് നല്‍കിയ ട്രെന്റ് ബോള്‍ട്ട് നാല് വിക്കറ്റ് നേടിയപ്പോള്‍ ഇതില്‍ ഒരോവറില്‍ മെയ്ഡന്‍ ആയിരുന്നു. മൂന്ന് വിക്കറ്റുമായി ലോക്കി ഫെര്‍ഗൂസണും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചുവെങ്കിലും താരം ഏറെ റണ്‍സ് വഴങ്ങുകയായിരുന്നു. എന്നാല്‍ 9 ഓവറില്‍ നിന്ന് 76 റണ്‍സ് വഴങ്ങിയ മാറ്റ് ഹെന്‍റിയ്ക്കാണ് ന്യൂസിലാണ്ട് ബൗളര്‍മാരില്‍ കണക്കറ്റ് പ്രഹരം ലഭിച്ചത്. ഇതില്‍ കാര്‍ലോസ് ബ്രാത്‍വൈറ്റാണ് താരത്തെ ഒരോവറില്‍ നിന്ന് 25 റണ്‍സ് നേടി മത്സരം മാറ്റി മറിച്ചത്.