സ്പാനിഷ സ്ട്രൈക്കർ ഫെർണാണ്ടോ ടോറസ് തന്റെ ഫുട്ബോൾ ജീവിതം അവസാനിപ്പിച്ചു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താരം താൻ കളി നിർത്തുന്നതായി പ്രഖ്യാപിച്ചത്. നിലവിൽ ജപ്പാനിൽ സഗൻ ടോസു ടീമിന് വേണ്ടിയാണ് താരം കളിക്കുന്നത്. ഞാഴാറാഴ്ച നടത്തുന്ന പത്ര സമ്മേളനത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കും എന്നും ടോറസ് പ്രഖ്യാപിച്ചിട്ടുണ്ട്.
സ്പെയിനിന്റെ പ്രതാപ കാലത്തിൽ ആക്രമണം നയിച്ചത് ടോറസ് ആയിരുന്നു. അത്ലറ്റികോ മാഡ്രിഡിനൊപ്പം സീനിയർ കരിയർ ആരംഭിച്ച താരം 2007 ൽ പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിലേക്ക് മാറി. പിന്നീട് 2011 ൽ ചെൽസിയിൽ ചേർന്ന താരം 2015 ൽ ലണ്ടൻ വിട്ടു. പിന്നീട് മിലാനിന് വേണ്ടിയും കളിച്ച താരം അതേ വർഷം തന്നെ അത്ലറ്റികോ മാഡ്രിഡിലേക് മടങ്ങി.
ഫിഫ ലോകകപ്പ്, 2 യൂറോ കപ്പ്, ചാമ്പ്യൻസ് ലീഗ്, 2 യൂറോപ്പ ലീഗ്, എഫ് എ കപ്പ് എന്നീ കിരീടങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്. 35 വയസുകാരനായ ടോറസ് വിട പറയുമ്പോൾ ഒരു കാലത്ത് ഡിഫണ്ടർമാരുടെ പേടി സ്വപ്നമായിരുന്ന ഒരു കളിക്കാരനെയാണ് ഫുട്ബോളിന് നഷ്ടപ്പെടുന്നത്.