ഇന്ന് ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് വേണ്ടി പ്രീമിയർ ലീഗിൽ കണ്ടത് നാടകീയ പോരാട്ടമായിരുന്നു. ഫലങ്ങൾ മാറിറിഞ്ഞ മത്സരങ്ങൾക്ക് അവസാനം ചെൽസിയും ലിവർപൂളും ചാമ്പ്യൻസ് ലീഗിലേക്കും ലെസ്റ്റർ സിറ്റി പരാജയത്തോടെ യൂറോപ്പയിലേക്കും പോയി. ചെൽസിയുടെ പരാജയം മുതലെടുക്കാൻ ആവാത്തത് ലെസ്റ്ററിന് വലിയ നിരാശ നൽകും.
ചാമ്പ്യൻസ് ലീഗ് യോഗ്യത പോരാട്ടത്തിൽ ഇന്ന് ചെൽസി മൂന്നാം സ്ഥനത്ത്, ലിവർപൂൾ നാലാമത്, ലെസ്റ്റർ സിറ്റി അഞ്ചാം സ്ഥനത്ത് എന്ന രീതിയിലാണ് കളി ആരംഭിച്ചത്. ലെസ്റ്റർ സിറ്റിക്ക് ഹോം മത്സരത്തിൽ സ്പർസിനെ ആയിരുന്നു നേരിട്ടത്. ലെസ്റ്റർ ആണ് ആദ്യം ഇന്ന് ഗോളടിച്ചത്. 18ആം മിനുട്ടിൽ ഒരു പെനാൾട്ടി ആണ് ലെസ്റ്ററിന് ലീഡ് നൽകിയത്. വാർഡിയെ ആൽഡെർവീൽഡ് വീഴ്ത്തിയതിന് ആദ്യം പെനാൾട്ടി വിധിച്ചില്ല എങ്കിലും വാർ പരിശോധനയിൽ പെനാൾട്ടി ആണെന്ന് തെളിയുക ആയിരുന്നു. ആ പെനാൾട്ടി വാർഡി ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തു.
ഈ ഗോൾ ലെസ്റ്ററിനെ 69 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർത്തി. ഈ സമയത്ത് ചെൽസിയും ലിവർപൂളും അവരുടെ മത്സരങ്ങളിൽ ഗോൾ രഹിത സമനിലയിൽ ആയിരുന്നു. ആൻഫീൽഡിൽ 36ആം മിനുട്ടിൽ ലിവർപൂൾ ക്രിസ്റ്റൽ പാലസിനെതിരെ ലീഡ് എടുത്തതോടെ അവരും ടോപ് 4ന് അകത്ത് എത്തി. മാനെ ആയിരുന്നു ലിവർപൂളിന് ലീഡ് നൽകിയത്. ഇതിനു പിന്നലെ കിങ് പവർ സ്റ്റേഡിയത്തിൽ ലെസ്റ്ററിനെതിരെ കെയ്നിലൂടെ സ്പർസ് സമനില നേടി.
വില്ലപാർക്കിൽ ആസ്റ്റൺ വില്ലയെ നേരിടുകയായിരുന്ന ചെൽസി ഒരു ഗോളിന് പിറകിൽ പോയി. 43ആം മിനുറ്റിൽ ഒരു കോർണറിൽ നിന്ന് ട്രയോരെ ആണ് വില്ലയ്ക്ക് ലീഡ് നൽകിയത്. ആദ്യ പകുതി അവസാനിക്കുമ്പോൾ സ്കോർ ഇങ്ങനെ. ലിവർപൂൾ 1-0 ക്രിസ്റ്റൽ പാലസ്, ചെൽസി 0-1 ആസ്റ്റൺ വില്ല, ലെസ്റ്റർ സിറ്റി 1-1 സ്പർസ്.
അപ്പോൾ ലിവർപൂൾ 69 പോയിന്റുമായി മൂന്നാം സ്ഥനത്ത്, 67 പോയിന്റുള്ള ചെൽസി നാലാമതും 67 പോയിന്റ് തന്നെയുള്ള ലെസ്റ്റർ അഞ്ചമതും. ഗോൾ ഡിഫറൻസായിരുന്നു ചെൽസിയെ മുന്നിൽ നിർത്തിയത്.
രണ്ടാം പകുതിയിൽ പോയിന്റ് ടേബിൾ മാറിമറിഞ്ഞു. 52ആം മിനുറ്റ്രിൽ ലെസ്റ്റർ സിറ്റി സ്പർസിനെതിരെ വീണ്ടും ലീഡ് എടുത്തു. ഒരിക്കൽ കൂടെ പെനാൾട്ടിയാണ് ലെസ്റ്ററിനെ മുന്നിൽ എത്താൻ സഹായിച്ചത്. രണ്ടാമതും വാർഡി തന്നെ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു. ഇതേ സമയം തന്നെ വില്ലപാർക്കിൽ ചെൽസി രണ്ടാം ഗോളും വഴങ്ങി. അവിടെയും പെനാൾട്ടി ആണ് ആസ്റ്റൺ വില്ലക്ക് രണ്ടാം ഗോൾ നൽകിയത്. എൽഗാസിയാണ് പെനാൾട്ടി വലയിൽ എത്തിച്ചത്. സ്കോർ, ലിവർപൂൾ 1-0 ക്രിസ്റ്റൽ പാലസ്, ചെൽസി 0-2 ആസ്റ്റൺ വില്ല, ലെസ്റ്റർ സിറ്റി 2-1 സ്പർസ്.
അപ്പോൾ ലിവർപൂൾ 69 പോയിന്റുമായി മൂന്നാം സ്ഥനത്ത്, 69 പോയിന്റു തന്നെയുള്ള ലെസ്സ്റ്റർ നാലാമതും 67 പോയിന്റ് ഉള്ള ചെൽസി അഞ്ചമതും. അവിടെയും നാടകങ്ങൾ അവസാനിച്ചില്ല. 70ആം മിനുട്ടിൽ ചെൽസി ചില്വലിലൂടെ ഒരു ഗോൾ മടക്കി കൊണ്ട് സ്കോർ 1-2 എന്ന നിലയിലാക്കി. അപ്പോഴും ചെൽസി ടോപ് 4ന് പുറത്തായിരുന്നു.
എന്നാൽ മിനുട്ടികൾക്കകം അങ്ങ് കിങ് പവർ സ്റ്റേഡിയത്തിൽ ലെസ്റ്ററിന്റെ തകർച്ച ആരംഭിച്ചു. 76ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിൽ ലെസ്റ്റർ സമനില വഴങ്ങി. ഷിമൈക്കിളിന്റെ സെൽഫ് ഗോൾ അവരും സ്പർസുമായുള്ള കളി 2-2 എന്നാക്കി. ലെസ്റ്റർ വീണ്ടും ടോപ് 4ന് പുറത്ത്. പിന്നാലെ ബെയ്ലിലൂടെ സ്പർസ് മൂന്നാം ഗോളും നാലാം ഗോളും നേടി. സ്കോർ 4-2. അതോടെ ചാമ്പ്യൻസ് ലീഗ് സ്വപ്നം ലെസ്റ്ററിൽ നിന്ന് പൂർണ്ണമായും അകന്നു. ഇതിനിടയിൽ ലിവർപൂൾ മാനെയിലൂടെ രണ്ടാം ഗോൾ നേടി പാലസിനെതിരായ അവരുടെ വിജയവും ഉറപ്പിച്ചിരുന്നു.
ഫുൾ ടൈം വിസിൽ വന്നപ്പോൾ സ്കോർ, ലിവർപൂൾ 2-0 ക്രിസ്റ്റൽ പാലസ്, ചെൽസി 1-2 ആസ്റ്റൺ വില്ല, ലെസ്റ്റർ സിറ്റി 2-4 സ്പർസ്.
ലിവർപൂൾ 69 പോയിന്റുമായി മൂന്നാം സ്ഥനത്ത്, 67 പോയിന്റുമായി ചെൽസി നാലാം സ്ഥാനത്ത്. ഇരുവരും ചാമ്പ്യൻസ് ലീഗിന്, ലെസ്സ്റ്റർ 66 പോയിന്റുമായി യൂറോപ്പ ലീഗിലേക്കും.