ജമൈക്ക തല്ലാവാസിനെ കീഴടക്കി രണ്ടാം ജയവുമായി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്

Sports Correspondent

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ മൂന്നാം മത്സരത്തില്‍ 22 റണ്‍സ് വിജയം നേടി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ജമൈക്ക തല്ലാവാസിനെയാണ് നൈറ്റ് റൈഡേഴ്സ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് 191 റണ്‍സ് നേടിയപ്പോള്‍ തല്ലാവാസിന് 169 റണ്‍സ് മാത്രമേ നേടാനായുള്ളു. മത്സരത്തില്‍ ടോസ് നേടിയ ജമൈക്ക തല്ലാവാസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടിയോണ്‍ വെബ്സ്റ്റര്‍ പുറത്താകാതെ 66 റണ്‍സ് നേടിയപ്പോള്‍ സുനില്‍ നരൈന്‍(22 പന്തില്‍ 46), കീറണ്‍ പൊള്ളാര്‍ഡ്(പുറത്താകാതെ 21 പന്തില്‍ 33 റണ്‍സ്) എന്നിവര്‍ക്കൊപ്പം ദിനേശ് രാംദിനും 21 റണ്‍സ് നേടി മികവ് തെളിയിച്ചു.

ജോര്‍ജ്ജ് വര്‍ക്കര്‍(46*), ആന്‍ഡ്രേ റസ്സല്‍(44) എന്നിവര്‍ ഇന്നിംഗ്സ് അവസാനത്തോടെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തുവെങ്കിലും തുടക്കത്തില്‍ വേണ്ടത്ര വേഗത ലഭിയ്ക്കാതെ പോയത് ജമൈക്കയുടെ ഇന്നിംഗ്സിന്റെ താളം കെടുത്തിയിരുന്നു. ക്രിസ് ഗെയില്‍ 28 റണ്‍സ് നേടിയപ്പോള്‍ ചാഡ്‍വിക് വാള്‍ട്ടണ്‍ 28 റണ്‍സും നേടിയെങ്കിലും വേണ്ടത്ര വേഗത ഇന്നിംഗ്സിന് കൊണ്ടുവരുവാന്‍ ഇരുവര്‍ക്കുമായില്ല. 6 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് തല്ലാവാസ് നേടിയത്. നൈറ്റ് റൈഡേഴ്സിന് വേണ്ടി സുനില്‍ നരൈന്‍, ജെയിംസ് നീഷം എന്നിവര്‍ 2 വീതം വിക്കറ്റ് നേടി.