ധാക്ക ടെസ്റ്റിന്റെ മൂന്നാം ടെസ്റ്റില്‍ ആതിഥേയരെ നാണംകെടുത്തി ലങ്ക. മത്സരത്തില്‍ 215 റണ്‍സിന്റെ ജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റ് നേടിയ അകില ധനന്‍ജയയും 4 വിക്കറ്റുമായി രംഗന ഹെരാത്തുമാണ് ലങ്കയുടെ വിജയം ഉറപ്പാക്കിയത്. നേരത്തെ രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്ക 226 റണ്‍സിനു ഓള്‍ഔട്ട് ആയിരുന്നു. 339 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് 123 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.
200/8 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ലങ്ക മൂന്നാം ദിവസം 26 റണ്‍സ് കൂടി നേടുന്നതിനിടയില്‍ ഓള്‍ഔട്ട് ആയി. 21 റണ്‍സ് നേടിയ സുരംഗ ലക്മലിനെയും രംഗന ഹെരാത്തിനെയും തൊട്ടടുത്ത പന്തുകളില്‍ പുറത്താക്കി തൈജുല്‍ ഇസ്ലാം ലങ്കയുടെ രണ്ടാം ഇന്നിംഗ്സിനു വിരാമമിട്ടു. 70 റണ്‍സ് നേടി രോഷെന്‍ സില്‍വ പുറത്താകാതെ നിന്നു.
രണ്ടാം ഇന്നിംഗ്സില്‍ ബംഗ്ലാദേശിനായി തൈജുല്‍ ഇസ്ലാം നാലും മുസ്തഫിസുര്‍ റഹ്മാന് മൂന്നും വിക്കറ്റ് നേടി. മെഹ്ദി ഹസനാണ് രണ്ട് വിക്കറ്റ്.
രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ബംഗ്ലാദേശിനു രണ്ടാം ഓവര്‍ മുതല്‍ വിക്കറ്റ് നഷ്ടം ആരംഭിച്ചു. തമീം ഇക്ബാലിനെ പുറത്താക്കി ദില്‍രുവന്‍ പെരേരയാണ് ആദ്യ വിക്കറ്റ് നേടിയത്. പിന്നീടുള്ള 3 വിക്കറ്റുകള്‍ ഹെരാത്ത് വീഴ്ത്തിയപ്പോള്‍ അടുത്ത അഞ്ച് വിക്കറ്റുകള്‍ക്കുടമ അരങ്ങേറ്റക്കാരന്‍ അകില ധനന്‍ജയ ആയിരുന്നു. സ്കോര്‍ 123ല്‍ തൈജുല്‍ ഇസ്ലാമിനെയും പുറത്താക്കി ഹെരാത്ത് തന്റെ നാലാം വിക്കറ്റും ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ ജയവും നേടിക്കൊടുത്തു.
33 റണ്‍സ് നേടിയ മോമിനുള്‍ ഹക്കാണ് ടോപ് സ്കോറര്‍. രോഷെന്‍ സില്‍വ കളിയിലെ താരവും പരമ്പരയിലെ താരവുമായി തിരഞ്ഞെടുക്കപ്പെട്ടു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial