കരുത്തരായ കൊറിയയെ വിറപ്പിച്ച് കീഴടങ്ങി ആതിഥേയരായ ജപ്പാന്‍. നാല് സെറ്റുകള്‍ അവസാനിച്ചപ്പോള്‍ രണ്ട് സെറ്റ് വീതം നേടി 4-4 എന്ന സ്കോറിന് ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ മത്സരം ഷൂട്ട് ഓഫിലേക്ക് പോകുകയായിരുന്നു. ഷൂട്ട് ഓഫിലും ഇരു ടീമുകളും തുല്യത പാലിച്ചപ്പോള്‍ സെന്റര്‍ പോയിന്റിനോട് ഏറ്റവും അടുത്ത് കൊള്ളിച്ചതിനാൽ കൊറിയ ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു.
ആദ്യ സെറ്റ് 58-54ന് കൊറിയ നേടിയപ്പോള്‍ രണ്ടാം സെറ്റ് 55-54ന് ജപ്പാന്‍ ഒപ്പം പിടിച്ചു. മൂന്നാം സെറ്റിൽ 58-55ന് കൊറിയ മുന്നിലെത്തിയപ്പോള്‍ അവസാന സെറ്റിൽ 56-53 എന്ന നിലയിൽ ജപ്പാന്‍ മുന്നിലെത്തി.
ഷൂട്ട് ഓഫിലും ഇരു ടീമുകളും ഒപ്പം നിന്നപ്പോള്‍ സെന്റിമീറ്റര്‍ വ്യത്യാസത്തിൽ ജയം കൊറിയ സ്വന്തമാക്കി. ഷൂട്ട് ഓഫിൽ പെര്‍ഫെക്ട് 10 നേടിയ 17 വയസ്സുകാരന്‍ കിം ജെ ഡിയോക് ആണ് നിര്‍ണ്ണായകമായ പ്രകടനം പുറത്തെടുത്തത്. ഫൈനലിൽ ചൈനീസ് തായ്പേയ് ആണ് കൊറിയയുടെ എതിരാളികള്‍. നെതര്‍ലാണ്ട്സിനെ 6-0ന് പരാജയപ്പെടുത്തിയാണ് തായ്പേയ് ഫൈനലിലേക്ക് എത്തുന്നത്.