ആഫ്രിക്കയിൽ നിന്നു ഖത്തർ ലോകകപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ രാജ്യമായി ഘാന. പ്ലെ ഓഫ് മത്സരത്തിൽ നൈജീരിയയെ 1-1 നു സമനിലയിൽ തളച്ചു ആണ് അവർ ലോകകപ്പ് യോഗ്യത നേടിയത്. എവേ ഗോളിന്റെ മികവിൽ ആണ് അവർക്ക് ലോകകപ്പ് യോഗ്യത സ്വന്തമാക്കാൻ ആയത്. നൈജീരിയക്ക് എതിരെ അവരുടെ മൈതാനത്തിൽ പത്താം മിനിറ്റിൽ ആഴ്‌സണൽ താരം തോമസ് പാർട്ടിയാണ് ഘാനക്ക് വിലമതിക്കാൻ ആവാത്ത ഗോൾ നേടി നല്കിയത്.


തുടർന്ന് 22 മത്തെ മിനിറ്റിൽ പെനാൽട്ടിയിലൂടെ വില്യം ഇകോങ് നൈജീരിയയെ മത്സരത്തിൽ ഒപ്പമെത്തിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ വിക്ടർ ഒസിമഹ്ൻ നൈജീരിയക്ക് ആയി ഗോൾ നേടിയെങ്കിലും ഇത് വാർ ഓഫ് സൈഡ് വിളിച്ചു. നൈജീരിയയിൽ ഗോൾ നേടി സമനില പിടിച്ചതോടെ എവേ ഗോളിന്റെ മികവിൽ ഘാന ലോകകപ്പ് യോഗ്യത നേടുക ആയിരുന്നു. 2018 ൽ ലോകകപ്പ് യോഗ്യത നേടാൻ സാധിക്കാതിരുന്ന ആഫ്രിക്കൻ കരുത്തന്മാരുടെ ശക്തമായ തിരിച്ചു വരവ് ആണ് ഇത്.













