വിംബിൾഡണിൽ പുരുഷ-വനിതാ മൂന്നാം സീഡുകൾ ടൂർണമെന്റിൽ നിന്നും പുറത്തായി. നിലവിലെ വിംബിൾഡൺ ജേത്രിയും, മൂന്നാം സീഡുമായ സ്‌പെയിനിന്റെ മുഗുരുസയെ സീഡ് ചെയ്യപ്പെടാത്ത വാൻ ഉയറ്റ്‌വാങ്ക് ആണ് മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ അട്ടിമറിച്ചത്. ആദ്യ സെറ്റ് നേടിയ ശേഷമായിരുന്നു മുഗുരുസയുടെ അപ്രതീക്ഷിത തോൽവി. സ്‌കോർ 7-5, 2-6,1-6. തലേന്ന് മഴ എത്തും മുൻപേ 2 സെറ്റുകൾ നേടി വിജയത്തിലേക്ക് അനായാസം എത്തുമെന്ന് തോന്നിപ്പിച്ചിടത്ത് നിന്നാണ് ഇന്നലെ റണ്ണറപ്പും മൂന്നാം സീഡുമായ സിലിച്ച് തോൽവി ഏറ്റുവാങ്ങിയത്. അർജന്റീനയുടെ പെല്ലയാണ് സിലിച്ചിന് മടക്കട്ടിക്കറ്റ് നൽകിയത്.
മറ്റ് മത്സരങ്ങളിൽ അർജന്റീനയുടെ ഡേവിഡ് ഷ്വാർട്സ്മാൻ, കാനഡയുടെ യുവതാരം ഷോപ്പവലോവ് എന്നിവർക്കും അപ്രതീക്ഷിത തോൽവി നേരിട്ടപ്പോൾ ജോക്കോവിച്ച്, ഡെൽപോട്രോ, നിഷിക്കോരി, കൈരൂയിസ് എന്നിവർ ജയത്തോടെ അടുത്ത റൗണ്ടിൽ പ്രവേശിച്ചു.
വനിതകളിൽ ഒന്നാം സീഡ് ഹാലെപ്പ്, കെർബർ, ഒസ്റ്റാപെങ്കൊ എന്നിവർ ജയത്തോടെ മുന്നേറിയപ്പോൾ കോണ്ടേയെ പരാജയപ്പെടുത്തി സിബുൽക്കോവ മുന്നേറി. പുരുഷ ഡബിൾസ് വിഭാഗത്തിൽ സമ്പൂർണ്ണ ഇന്ത്യൻ സഖ്യമായ ബാലാജി-വർദ്ധൻ സഖ്യവും, ബൊപ്പണ്ണയുള്ള വാസ്ലിൻ സഖ്യവും ജയത്തോടെ അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചപ്പോൾ നെടുഞ്ചുഴിയൻ സഖ്യം ടൂർണമെന്റിൽ നിന്ന് പുറത്തായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial