ടെന്നീസിൽ നിന്നു വിരമിക്കുന്നതായി പ്രഖ്യാപിച്ചു സെറീന വില്യംസ്

Screenshot 20220809 210348 01

ടെന്നീസിൽ നിന്നു വിരമിക്കുന്നത് ആയി അറിയിച്ചു ഇതിഹാസതാരം സെറീന വില്യംസ്. വോഗ് മാഗസിന്റെ സെപ്റ്റംബർ മാസത്തെ പതിപ്പിൽ നൽകിയ അഭിമുഖത്തിൽ ആണ് താരം തന്റെ വിരമിക്കൽ തീരുമാനം അറിയിച്ചത്. വിരമിക്കുക എന്ന പദം തനിക്കു ഇഷ്ടമല്ല എന്നു പറഞ്ഞ സെറീന താൻ ടെന്നീസ് ഇല്ലാത്ത ലോകത്തോട് പൊരുത്തപ്പെടാൻ ശ്രമിക്കുക ആണെന്നും കുറിച്ചു. ഒരുപാട് സ്നേഹിക്കുന്ന ടെന്നീസ് തനിക്ക് എന്നും ആസ്വദിക്കാൻ സാധിച്ചിരുന്നു എന്നു പറഞ്ഞ സെറീന ടെന്നീസിനോട് വിട പറയുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നും കൂട്ടിച്ചേർത്തു.

Screenshot 20220809 210409 01

ജീവിതത്തിലെ മറ്റു കാര്യങ്ങളും അമ്മയായ ജീവിതത്തിലും തനിക്ക് ശ്രദ്ധിക്കണം എന്നു പറഞ്ഞ സെറീന ടെന്നീസിലെ തന്റെ അവസാന ദിവസങ്ങൾ താൻ നന്നായി ആസ്വദിക്കും എന്നും പറഞ്ഞു. 23 ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ നേടിയ സെറീന മാർഗരറ്റ് കോർട്ടിനു മാത്രം 1 ഗ്രാന്റ് സ്‌ലാം താഴെയാണ് നിലവിൽ. ഇതിനു പുറമെ 14 ഡബിൾസ് ഗ്രാന്റ് സ്‌ലാം കിരീടങ്ങളും 2 മിക്സഡ് ഡബിൾസ് ഗ്രാന്റ് സ്‌ലാം കിരീടങ്ങളും സെറീന നേടിയിട്ടുണ്ട്. 319 ആഴ്ച ലോക റാങ്കിൽ ഒന്നാമത് ആയ സെറീന റെക്കോർഡ് 186 ആഴ്ചകൾ ലോക റാങ്കിൽ തുടർച്ചയായി നിലനിന്നു. നാലു ഒളിമ്പിക് സ്വർണം അടക്കം കരിയറിൽ സിംഗിൾസിലും ഡബിൾസിലും അടക്കം 96 കിരീടങ്ങൾ ആണ് നേടിയത്.

Screenshot 20220809 210359 01

ഈ വരുന്ന യു.എസ് ഓപ്പണിനു ശേഷമാവും സെറീന റാക്കറ്റ് താഴെ വക്കുക. 1995 ൽ അരങ്ങേറ്റം കുറിച്ച സെറീന ടെന്നീസ് ലോകം ഭരിച്ച പതിറ്റാണ്ടുകൾ ആയിരുന്നു ഈ കഴിഞ്ഞത്. സെറീനയും സഹോദരി വീനസും തമ്മിലുള്ള പോരാട്ടങ്ങൾ അടക്കം ടെന്നീസ് ആരാധകർക്ക് മറക്കാൻ ആവാത്ത നിമിഷങ്ങൾ ആണ് സെറീന ഈ കാലയളവിൽ നൽകിയത്. ടെന്നീസ് ലോകം കണ്ട എക്കാലത്തെയും മഹത്തായ താരമായാണ് അമേരിക്കൻ താരം പരിഗണിക്കപ്പെടുന്നത്. ലാസ്റ്റ് ഡാൻസിന് അമേരിക്കയിൽ യു.എസ് ഓപ്പണിൽ ഇറങ്ങുന്ന 40 കാരിയായ സെറീനക്ക് അത്ഭുതം കാണിക്കാൻ ആവുമോ എന്നു കണ്ടു തന്നെയറിയാം.