വരുന്ന അർജന്റീന, റിയോ ഓപ്പണിനു ശേഷം ടെന്നീസിൽ നിന്നു വിരമിക്കുക ആണ് എന്നു പ്രഖ്യാപിച്ചു അർജന്റീനയുടെ ഇതിഹാസ ടെന്നീസ് താരം യുവാൻ മാർട്ടിൻ ഡെൽ പോർട്ടോ. അസാധ്യ ടെന്നീസ് പ്രതിഭ ആയിരുന്നു എങ്കിലും പരിക്കുകൾ വേട്ടയാടിയ കരിയർ ആയിരുന്നു അർജന്റീന താരത്തിന്റേത്. വർഷങ്ങളോളം കാൽ മുട്ടിന് ഏറ്റ പരിക്കുമായി പൊരുതിയ താരം നിരവധി ശസ്ത്രക്രിയകൾക്ക് ആണ് വിധേയമായത്. എന്നാൽ ഇത് ഒന്നും ഫലപ്രദമായില്ല. നിലവിൽ ടെന്നീസിലേക്ക് തിരിച്ചു വരവ് പ്രഖ്യാപിച്ച ശേഷം ആണ് നരക വേദന ഇനിയും സഹിക്കാൻ ആവില്ല എന്നു വികാരപരമായി പറഞ്ഞ ശേഷം താരം വിരമിക്കൽ പ്രഖ്യാപിച്ചത്. 2010 നു ശേഷം കാൽ മുട്ടിന് മാത്രം 8 ശസ്ത്രക്രിയക്ക് ആണ് താരം വിധേയമായത്. 2009 ൽ ലോകത്തെ ഞെട്ടിച്ചു ബിഗ് ഫോറിനെ മറികടന്നു സാക്ഷാൽ റോജർ ഫെഡററെ 5 സെറ്റ് പോരാട്ടത്തിൽ വീഴ്ത്തി യു.എസ് ഓപ്പൺ നേടിയാണ് ഡെൽ പോർട്ടോ ലോകത്തോട് തന്റെ വരവ് അറിയിച്ചത്. 2018 ൽ ആ മികവ് യു.എസ് ഓപ്പൺ സെമി ഫൈനലിൽ റാഫേൽ നദാലിനെ വീഴ്ത്തിയും താരം ആവർത്തിക്കുന്നുണ്ട്.
ലോക മൂന്നാം റാങ്ക് വരെയെത്തിയ താരം കരിയറിൽ 22 കിരീടങ്ങൾ ആണ് നേടിയത്. 2009, 2018 വർഷങ്ങളിൽ ഫ്രഞ്ച് ഓപ്പൺ സെമിഫൈനലും, 2013 ൽ വിംബിൾഡൺ സെമിഫൈനലും ആരാധകരുടെ പ്രിയപ്പെട്ട ഡെൽപോ കളിച്ചു. 2016 ൽ അർജന്റീനക്ക് ആയി ഒളിമ്പിക് വെള്ളിമെഡലും 2012 ൽ ഒളിമ്പിക് വെങ്കല മെഡലും താരം നേടി. 2016 ൽ അർജന്റീനയെ ഡേവിസ് കപ്പ് കിരീടത്തിലേക്കും ഡെൽപോ നയിച്ചു. ശക്തമായ ഫോർ ഹാന്റിലൂടെ ആരെയും അപ്രസക്തമാക്കാൻ കഴിവുള്ള ഡെൽപോ തന്റേതായ ദിനം ആരെയും വീഴ്ത്താൻ സാധിക്കുന്ന ഡെൽപോ ബിഗ് ഫോറിന് എതിരെ ഏറ്റവും മികച്ച റെക്കോർഡ് ഉള്ള താരങ്ങളിൽ ഒരാൾ ആണ്. 20 ജയങ്ങൾ ആണ് ഫെഡറർ, നദാൽ, ജ്യോക്കോവിച്ച്, മറെ എന്നിവർക്ക് എതിരെ ഡെൽപോക്ക് ഉള്ളത്. നാലു പേർക്കും എതിരെ മൂന്നിൽ അധികം ജയം നേടിയ അപൂർവം താരങ്ങളിൽ ഒരാൾ കൂടിയാണ് ഡെൽപോ. പരിക്ക് ഇല്ലായിരുന്നു എങ്കിൽ ഇനിയും ഉയരങ്ങളിൽ എത്തേണ്ട നിർഭാഗ്യകരമായ കരിയറിന് ആണ് കണ്ണീരോടെ ശാരീരിക വേദന സഹിക്കാൻ ആവാതെ 33 മത്തെ വയസ്സിൽ ഡെൽ പോർട്ടോ അന്ത്യം കുറിക്കുന്നത്. ഉറപ്പായിട്ടും ടെന്നീസിലെ നിർഭാഗ്യത്തിന്റെ പര്യായം ആണ് ഡെൽപോ.