വിഖ്യാത മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായിരുന്ന സർ അലക്സ് ഫെർഗുസൺ പറയുന്നുണ്ട് ” എന്ന് കളിക്കാർ മാനേജർക്ക് മുകളിൽ ആണെന്ന തോന്നൽ വരുന്നോ, അന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് അല്ലാതായി മാറും. മാനേജർക്ക് ക്ലബിൽ ഉള്ള നിയന്ത്രണം നഷ്ടമാവും. എന്നും ക്ലബ്ബിന്റെയും കളിക്കാരുടെയും നിയന്ത്രണം എന്റെ കൈയിൽ ആണെന്ന് ഉറപ്പാക്കാൻ ഞാൻ ശ്രമിക്കാറുണ്ട്” എന്ന്. ഇത് തന്നെയായിരുന്നു ഫെർഗുസൻറെ വിജയ രഹസ്യവും. കർക്കശക്കാരനായിരുന്ന ഫെർഗുസൺ ഒരു കളിക്കാരനും ക്ലബിനും തനിക്കും മുകളിൽ അല്ല എന്ന് ഉറപ്പാക്കുമായിരുന്നു. അതിനുള്ള ഉത്തമ ഉദാഹരണങ്ങൾ ആണ് ഡേവിഡ് ബെക്കാമും റോയ് കീനും എല്ലാം. തന്റെ ഏറ്റവും മികച്ച കളിക്കാർ ആയിരുന്നിട്ടും ഒരു ദാക്ഷിണ്യവും കൂടാതെയാണ് ഫെർഗുസൺ ഇവരെ ഒഴിവാക്കിയത്.
ഈ ഫെഗുസൺന്റെ കാർക്കശ്യ സ്വഭാവം ഓർമിപ്പിക്കുന്ന തരത്തിലാണ് നിലവിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗിന്റെ നിലപാടുകൾ. അത്തരത്തിൽ ഒന്നാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സസ്‌പെൻഡ് ചെയുന്നതിലേക്ക് എത്തിച്ചിരിക്കുന്നത്. ടോട്ടൻഹാമിനെതിരായ മത്സരത്തിൽ ബെഞ്ചിൽ ഇരുന്നു കളി തുടങ്ങിയ റൊണാൾഡോ കളി തീരുന്നതിനു മുൻപ് തന്നെ ഗ്രൗണ്ട് വിട്ടിരുന്നു. ഇതാണ് സസ്പെൻഷനിലേക്ക് എത്തിച്ചത്. ഈ സീസണിന്റെ തുടക്കത്തിൽ റയോ വല്ലക്കാനോയുമായുള്ള ഫ്രണ്ട്ലി മത്സരത്തിലും റൊണാൾഡോ കളി തീരുന്നതിനു മുൻപ് ഗ്രൗണ്ട് വിട്ടിരുന്നു.
ഒരു ക്ലബിനും മാനേജർക്കും വളരെ നിർണായകമായ സമയമാണ് പ്രീ സീസൺ മത്സരങ്ങൾ. എന്നാൽ ഇതിലൊന്നും ഭാഗമാകാതെ ഇരിക്കുകയായിരുന്നു റൊണാൾഡോ. സീസൺ തുടങ്ങുന്നതിന് മുൻപ് തന്നെ ക്ലബ് വിടാൻ വേണ്ടി ശ്രമിച്ച റൊണാൾഡോ ഒരു ക്ലബുമായും കരാറിൽ ഏർപ്പെടാൻ കഴിയാതെ ഇരുന്നത് കൊണ്ടാണ് യുണൈറ്റഡിൽ തിരിച്ചെത്തിയത്. തുടർന്നങ്ങോട്ട് സ്ഥിരമായിബെഞ്ചിൽ ആയിരുന്നു റൊണാൾഡോയുടെ സ്ഥാനം. മിക്ക മത്സരങ്ങളിലും പുറത്തിരുത്തി റൊണാൾഡോയെ ടോട്ടൻഹാമിനെതിരായ നിർണായക മത്സരത്തിലും പുറത്തിരുത്തിയ ടെൻ ഹാഗ് പകരം റാഷ്‌ഫോർഡിനെ ആണ് കളിപ്പിച്ചത്. നിലവിൽ വളരെ മോശം ഫോമിലുള്ള റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തുന്നത് ടീമിന് ഗുണകരമായിട്ടാണ് ആരാധകരും കാണുന്നത്.
ഫെർഗുസണ് ശേഷം വന്ന മാനേജർമാർക്കൊക്കെ മുകളിൽ കളിക്കാർ ആധിപത്യം സ്ഥാപിക്കുന്നതായിരുന്നു കണ്ടത്. കടുംപിടുത്തക്കാരനായിരുന്ന മൗറിഞ്ഞോ പോലും ഡ്രസിങ് റൂമിൽ പരാജയപ്പെടാൻ കാരണമായിരുന്നു ഇത്. പോഗ്ബ – മൗറിഞ്ഞോ വിഷയത്തിൽ ക്ലബ് കളിക്കാരുടെ കൂടെ നിന്നതും തിരിച്ചടിയായിരുന്നു. തുടർന്നു വന്ന ഒലെയും ഒട്ടും മാറ്റം ഇല്ലായിരുന്നു. പക്ഷെ എറിക് ടെൻ ഹാഗിൽ എത്തിയപ്പോൾ ക്ലബിന് മാനേജരുടെ കൂടെ നിൽക്കേണ്ടി വരുകയായിരുന്നു. എറിക് ടെൻ ഹാഗ് നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് റൊണാൾഡോക്ക് സസ്‌പെൻഷൻ ലഭിച്ചത് എന്നാണ് വാർത്തകൾ.
ചെൽസിക്ക് എതിരായ മത്സരത്തിൽ റൊണാൾഡോ സ്‌ക്വാഡിൽ ഉണ്ടാവില്ല. ഫസ്റ്റ് ടീമിനൊപ്പം പരിശീലനത്തിൽ ഏർപ്പെടുന്നതിനും റൊണാൾഡോക്ക് വിലക്കുണ്ട്. ഒരാഴ്‌ചത്തേക്കാണ് റൊണാൾഡോയുടെ വിലക്ക്. അതുവരെ റിസർവ് ടീമിനൊപ്പം പരിശീലനം നടത്താൻ ആണ് നിർദ്ദേശം.