അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ മികച്ച സ്കോര്‍ നേടി സിംബാബ്‍വേ. ബ്രണ്ടന്‍ ടെയിലറും, സിക്കന്ദര്‍ റാസയും ഹാമിള്‍ട്ടണ്‍ മസകഡ്സയും തിളങ്ങിയ മത്സരത്തില്‍ 50 ഓവറുകളില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 334 റണ്‍സാണ് നേടിയത്. മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‍വേ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
സോളമന്‍ മീറിനെ മൂന്നാം ഓവറില്‍ നഷ്ടമായെങ്കിലും 85 റണ്‍സ് നേടി രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ മസകഡ്സയും-ബ്രണ്ടന്‍ ടെയിലറും ടീമിനെ വീണ്ടും മികച്ച നിലയില്‍ എത്തിക്കുകയായിരുന്നു. മസകഡ്സ(49) റണ്ണൗട്ടായി പുറത്തായപ്പോള്‍ ക്രെയിഗ് എര്‍വിനും(14) അധിക നേരം ക്രീസില്‍ ചെലവഴിക്കാനായില്ല. റഷീദ് ഖാനായിരുന്നു വിക്കറ്റ്. 144/3 എന്ന നിലയില്‍ ഒത്തൂകൂടിയ ടെയിലര്‍-റാസ സഖ്യമാണ് കൂറ്റന്‍ സ്കോറിലേക്ക് സിംബാബ്‍വേയെ നയിച്ചത്.
അതിവേഗത്തില്‍ സ്കോറിംഗ് തുടര്‍ന്ന ഇരുവരിലും റാസയായിരുന്നു കൂടുതല്‍ അപകടകാരി. 135 റണ്‍സ് കൂട്ടുകെട്ടാണ് സഖ്യം നാലാം വിക്കറ്റില്‍ നേടിയത്. 125 റണ്‍സ് നേടിയ ടെയിലറെ പുറത്താക്കി റഷീദ് ഖാനാണ് കൂട്ടുകെട്ടിനെ തകര്‍ത്തത്. 74 പന്തില്‍ നിന്ന് 92 റണ്‍സ് നേടി സിക്കന്ദര്‍ റാസ പുറത്താകുകയായിരുന്നു. 9 ബൗണ്ടറിയും 4 സിക്സുമാണ് താരം നേടിയത്.
12 പന്തില്‍ 17 റണ്‍സുമായി മാല്‍ക്കം വാല്ലറും 5 പന്തില്‍ നിന്ന് 12 റണ്‍സ് നേടി റയാന്‍ ബര്‍ലും ടീമിന്റെ സ്കോര്‍ 334 റണ്‍സില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. അഫ്ഗാനിസ്ഥാനു വേണ്ടി റഷീദ് ഖാന്‍ രണ്ടും, ഗുല്‍ബാദിന്‍ നൈബ്, മുജാബ് സദ്രാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial