ആദ്യ മത്സരത്തിൽ സ്പെയിനെ സമനിലയിൽ തളച്ച സ്വീഡൻ രണ്ടാം മത്സരത്തിൽ അവരുടെ ആദ്യ വിജയം കണ്ടെത്തി. ഇന്ന് സ്ലൊവാക്യ നേരിട്ട സ്വീഡൻ മറുപടിയില്ലാത്ത ഏക ഗോളിനാണ് പരാജയപ്പെടുത്തിയത്. ഗോൾ കണ്ടെത്താൻ ഏറെ കഷ്ടപ്പെട്ട സ്വീഡന് ഒരു പെനാൾട്ടി ആണ് രക്ഷ ആയത്. മത്സരത്തിന്റെ 77ആം മിനുട്ടിൽ പെനാൾട്ടി ബോക്സിൽ വെച്ച് ക്വൈസണെ സ്ലൊവാക്യ കീപ്പർ ദുബ്രവ്ക വീഴ്ത്തിയതിനാണ് പെനാൾട്ടി ലഭിച്ചത്.
പെനാൾട്ടി എടുത്ത ഫോർസ്ബഗ് സമ്മർദ്ദങ്ങളെ മറികടന്ന് പന്ത് വലയിൽ എത്തിച്ച് സ്വീഡന്റെ ഗ്രൂപ്പിലെ ആദ്യ ഗോൾ നേടി. ഇന്ന് തുടക്കം മുതൽ തന്നെ സ്ലൊവാക്യയേക്കാൾ മികച്ച അറ്റാക്കുകൾ നടത്താൻ സ്വീഡനായിരുന്നു. രണ്ട് തവണ ദുബ്രവ്കയുടെ മികച്ച സേവുകളാണ് സ്വീഡനെ തടഞ്ഞത്. സ്വീഡനായി അറ്റാക്കിംഗ് താരം ഇസാക് ഗംഭീര പ്രകടനം നടത്തുന്നത് കാണാൻ ആയി. പന്ത് കൂടുതൽ സമയം കൈവശം വെച്ചു എങ്കിലും 90 മിനുട്ടിൽ ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ പോലും സ്ലൊവാക്യക്ക് ആയില്ല.
ഈ വിജയം സ്വീഡന്റെ പ്രീക്വാർട്ടർ യോഗ്യത ഏതാണ്ട് ഉറപ്പിക്കും. 2004ൽ ആയിരുന്നു അവസാനം സ്വീഡൻ യൂറോ കപ്പിന്റെ ഗ്രൂപ്പ് ഘട്ടം കടന്നത്. മൂന്ന് പോയിന്റുള്ള സ്ലൊവാക്യക്ക് സ്പെയിനിന് എതിരായ അവസാന ഗ്രൂപ്പ് മത്സരം നിർണായകമാകും.