2 മത്സരങ്ങള്‍ അവശേഷിക്കെത്തന്നെ ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി സറേ. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കിരീട വിജയം സറേ നേടുന്നത്. മോണേ മോര്‍ക്കല്‍ ഇന്ന് ടീമിന്റെ വിജയ റണ്‍സ് സ്വന്തമാക്കുമ്പോള്‍ വോര്‍സെസ്റ്റര്‍ഷയറിനെതിരെ വെറുമൊരു ജയമായിരുന്നില്ല കൗണ്ടിയിലെ നീണ്ട കാത്തിരിപ്പിനുള്ള വിരാമം കൂടിയായിരുന്നു അത്. 2004ല്‍ രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെട്ട ശേഷം 7 വര്‍ഷം എടുത്തു ടീമിനു തിരികെ ഒന്നാം ഡിവിഷനിലേക്ക് എത്തുവാന്‍.
2011ല്‍ തിരികെയെത്തിയെങ്കിലും 2014ല്‍ ടീം വീണ്ടും രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെട്ടു. എന്നാലിപ്പോള്‍ നാട്ടിലെത്തന്നെ മികച്ച താരങ്ങളുടെ ഒരു നിരയായി സറേ മാറിക്കഴിഞ്ഞു. ഇംഗ്ലണ്ട് യുവതാരങ്ങളുടെ സേവനങ്ങളും ടീമിനുണ്ട്. സാം കറനും ഒല്ലി പോപും ഇംഗ്ലണ്ട് ടീമിലെത്തിയപ്പോള്‍ ഇംഗ്ലണ്ട് ഏകദിന ടീമിലെ ജേസണ്‍ റോയ് ടീമിന്റെ പരിമിത ഓവര്‍ സംഘത്തിന്റെ നെടുംതൂണാണ്.
ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഡീന്‍ എല്‍ഗാറും മോണേ മോര്‍ക്കലും ടീമിനു കൂടുതല്‍ ശക്തിയേകുന്നു.