സൂപ്പര്‍ ഓവര്‍ വിജയം, പ്ലേ ഓഫ് ഉറപ്പിച്ച് മുംബൈ

Sports Correspondent

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ സൂപ്പര്‍ ഓവര്‍ വിജയത്തോടെ ഐപിഎല്‍ 2019 സീസണില്‍ പ്ലേ ഓഫ് ഉറപ്പിയ്ക്കുന്ന മൂന്നാമത്തെ ടീമായി മുംബൈ ഇന്ത്യന്‍സ്. ചെന്നൈ സൂപ്പര്‍ കിംഗ്സും ഡല്‍ഹി ക്യാപിറ്റല്‍സും നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പാക്കിയപ്പോള്‍ 16 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സ്.

163 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ സണ്‍റൈസേഴ്സിനെ മനീഷ് പാണ്ടേയുടെ ഒറ്റയാള്‍ പോരാട്ടമാണ് മത്സരത്തെ സൂപ്പര്‍ ഓവറിലേക്ക് എത്തിയ്ക്കുവാന്‍ സഹായിച്ചത്. താരം 71 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ മത്സരത്തിലെ അവസാന പന്തില്‍ സിക്സര്‍ നേടി സൂപ്പര്‍ ഓവറിലേക്ക് എത്തുയ്ക്കുകയായിരുന്നു.

എന്നാല്‍ സൂപ്പര്‍ ഓവറില്‍ വെറും 8 റണ്‍സിനു സണ്‍റൈസേഴ്സിനെ പുറത്താക്കി ജസ്പ്രീത് ബുംറയാണ് മത്സരം മുംബൈയ്ക്ക് അനുകൂലമാക്കി മാറ്റിയത്. മനീഷ് പാണ്ടേയെ ആദ്യ പന്തില്‍ റണ്ണൗട്ടായി നഷ്ടമായപ്പോള്‍ തന്നെ സിക്സ് പറത്തിയ നബിയെ അടുത്ത പന്തില്‍ ക്ലീന്‍ ബൗള്‍ഡാക്കി മുംബൈ മുന്‍ നിര ബൗളര്‍ സണ്‍റൈസേഴ്സ് ഇന്നിംഗ്സിനു കര്‍ട്ടനിട്ടു.

ഹാര്‍ദ്ദിക് പാണ്ഡ്യ റഷീദ് ഖാനെ ആദ്യ സിക്സ് പറത്തിയ ശേഷം അനായാസം മത്സരം മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി പ്ലേ ഓഫ് ഉറപ്പിയ്ക്കുകയായിരുന്നു.