ഇസ്‌താംബൂളിൽ വീണ്ടും ലിവർപൂൾ, ചെൽസിയെ വീഴ്ത്തി സൂപ്പർ കപ്പ് സ്വന്തമാക്കി

na

Download the Fanport app now!
Appstore Badge
Google Play Badge 1

എക്സ്ട്രാ ടൈമിലേക് നീണ്ട ആവേശ പോരാട്ടത്തിന് ഒടുവിൽ യുവേഫ സൂപ്പർ കപ്പ് ലിവർപൂൾ സ്വന്തമാക്കി. നിശ്ചിത സമയത്ത് 2-2 ൽ അവസാനിച്ച കളി പെനാൽറ്റി ഷൂട്ട് ഔട്ടിൽ 5-4 ന് ജയിച്ചാണ് ക്ളോപ്പും സംഘവും കപ്പ് സ്വന്തമാക്കിയത്. കിരീടം നഷ്ടപ്പെട്ടെങ്കിലും മികച്ച പ്രകടനം നടത്തിയ ചെൽസി ലിവർപൂൾ ഗോളി അഡ്രിയാന്റെ മികവിന് മുന്നിൽ മാത്രമാണ് പതറിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡിനോട് 4 ഗോളുകൾ വഴങ്ങിയ പ്രതിരോധത്തിൽ ഒരു മാറ്റവും വരുത്താതെയാണ് ലംപാർഡ് ടീമിനെ ഇറക്കിയത്. പക്ഷെ മധ്യനിരയിൽ കാന്റെയും, മുന്നേറ്റ നിരയിൽ ജിറൂദും തിരിച്ചെത്തി. ആദ്യ പകുതിയിൽ ചെൽസിയുടെ പ്രെസ്സിങ്ങിനും അറ്റാക്കിനും മുന്നിൽ പതറുന്ന ലിവർപൂളിനെയാണ് കണ്ടത്. സലായുടെ മികച്ച ഷോട്ട് ചെൽസി ഗോളി കെപ തടുത്തതും അവർക്ക് വിനയായി. പിന്നീട് പെഡ്രോയുടെ ഷോട്ട് ക്രോസ് ബാറിൽ തട്ടി മടങ്ങി. പക്ഷെ 36 ആം മിനുട്ടിൽ പുലിസിക്കിന്റെ മികച്ച അസിസ്റ്റിൽ ജിറൂദ് ചെൽസിക്ക് ലീഡ് സമ്മാനിച്ചു. ലംപാർഡിന് കീഴിൽ ചെൽസിയുടെ ആദ്യ ഗോൾ. പിന്നീട് 40 ആം മിനുട്ടിൽ പുലിസിക് വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലിവർപൂൾ ചെൽസിക്ക് മറുപടി നൽകി. പകരക്കാരനായി ഇറങ്ങിയ ഫിർമിനോ നൽകിയ പാസ്സ് ഗോളാക്കി സാഡിയോ മാനെയാണ് റെഡ്‌സിനെ ഒപ്പമെത്തിച്ചത്. പിന്നീട് വാൻ ഡെയ്ക്കിന് ലഭിച്ച അവസരം കെപ തട്ടി മാറ്റിയത് ചെൽസിക്ക് ആശ്വാസമായി. കളി തീരുവാൻ ഏതാനും മിനിറ്റുകൾ ശേഷിക്കെ മൗണ്ട് ലിവർപൂൾ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു. പിന്നീട് ഇരു ടീമുകൾക്ക് ഗോൾ നേടനാവാതെ വന്നതോടെ മത്സരം എക്സ്ട്രാ ടൈമിലേക് നീണ്ടു.

നിശ്ചിത സമയത്തെ ആവേശം എക്സ്ട്രാ ടൈമിലും നീളുന്നതാണ് പിന്നീട് കണ്ടത്. 95 ആം മിനുട്ടിൽ മാനെയിലൂടെ ലിവർപൂൾ സ്കോർ 2-1 ആകിയെങ്കിലും 102 ആം മിനുട്ടിൽ ചെൽസിക്ക് സ്കോർ 2-2 ൽ എത്തിക്കാനായി. അബ്രഹാമിനെ ലിവർപൂൾ ഗോളി വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ജോർജിഞ്ഞോ ഗോളാക്കി മാറ്റി. പിന്നീട് ചെൽസിയെ മുന്നിൽ എത്തിക്കാനുള്ള സുവർണാവസരം റ്റാമി അബ്രഹാം നഷ്ടമാക്കി. പിന്നീടും ഇരു ടീമുകൾക്കും ഏതാനും അവസരങ്ങൾ ലഭിച്ചെങ്കിലും വിജയ ഗോൾ മാത്രം പിറന്നില്ല.

പെനാൽറ്റി ഷൂട്ട് ഔട്ടിൽ ആദ്യ 4 കിക്കുകളും ചെൽസി ഗോളാകിയെങ്കിലും അവസാന കിക്കെടുത്ത റ്റാമി അബ്രഹാം മിസ് ആക്കിയതോടെ ലിവർപൂൾ കിരീടം ഉറപ്പിച്ചു.