സൂപ്പർ കപ്പ് ബഹിഷ്കരിച്ച ഐലീഗ് ക്ലബുകൾക്ക് എതിരെ കടുത്ത നടപടിയുമായി എ ഐ എഫ് എഫ്. കഴിഞ്ഞ മാസം സൂപ്പർ കപ്പ് ബഹിഷ്കരിച്ചവർക്ക് എതിരെ എടുക്കാൻ വേണ്ടി ഐ ലീഗ് അച്ചടക്ക കമ്മിറ്റി ചർച്ചകൾ നടത്തിയിരുന്നു. ആ കമ്മിറ്റി 10 ലക്ഷം രൂപ പിഴയാണ് ക്ലബുകൾക്ക് ചുമത്തിയിരിക്കുന്നത്. കേരള ക്ലബായ ഗോകുലം കേരള എഫ് സി, ഐസാൾ എഫ് സി, മിനേർവ പഞ്ചാബ്, നേരോക, ചർച്ചിൽ ബ്രദേഴ്സ് എന്നീ ക്ലബുകളാണ് 10 ലക്ഷം രൂപ പിഴ അടക്കേണ്ടത്.
ഈസ്റ്റ് ബംഗാൾ ക്ലബിന് 5 ലക്ഷം മാത്രമേ പിഴയുള്ളൂ. ക്ലബിലെ ഒരു വിഭാഗം സൂപ്പർ കപ്പ് കളിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു എന്നതിനാലാണ് ഈസ്റ്റ് ബംഗാളിന് പിഴ കുറഞ്ഞത്. എന്നാൽ ടൂർണമെന്റിൽ പേരോ ടീമോ രജിസ്റ്റർ ചെയ്യാത്തതിനാൽ മോഹൻ ബഗാനെതിരെ നടപടി ഉണ്ടായില്ല. റിയൽ കാശ്മീർ, ചെന്നൈ സിറ്റി, ഇന്ത്യൻ ആരോസ് എന്നീ ഐലീഗ് ക്ലബുകൾ മാത്രമായിരുന്നു സൂപ്പർ കപ്പിൽ കളിച്ചത്.
ഐ ലീഗിന്റെ ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്തങ്ങൾ കാരണമായിരുന്നു ഐ ലീഗ് ക്ലബുകൾ പ്രതിഷേധമായി സൂപ്പർ കപ്പ് ബഹിഷ്കരിച്ചത്. എന്നാൽ അന്ന് ഐ ലെഗ് ക്ലബുകളുമായി ചർച്ച നടത്തും എന്ന് വാക്ക് പറഞ്ഞ പ്രഫുൽ പട്ടേൽ ഇതുവരെ ചർച്ചയ്ക്ക് തയ്യാറായിട്ടില്ല.