ഈ വർഷത്തെ സൂപ്പർ കപ്പിനുള്ള തിയ്യതികളായി. മാർച്ച് 15 മുതൽ ഏപ്രിൽ 13 വരെ ഒഡിഷയിലെ ഭുവനേശ്വറിൽ വെച്ചാണ് ഈ വർഷത്തെ സൂപ്പർ കപ്പ് നടക്കുക. ഐ.എസ്.എല്ലിലും ഐ ലീഗിലും മോശം ഫോമിൽ തുടരുന്ന കേരളത്തിൽ നിന്നുള്ള ടീമുകളായ കേരള ബ്ലാസ്റ്റേഴ്സിനും ഗോകുലത്തിനും ഈ സീസണിൽ അവശേഷിക്കുന്ന അവസാന പ്രതീക്ഷയാണ് സൂപ്പർ കപ്പ്. ഐ ലീഗിലും ഐ.എസ്.എല്ലിലുമുള്ള 20 ടീമുകളാണ് സൂപ്പർ കപ്പിന് വേണ്ടി മത്സരിക്കുക. കഴിഞ്ഞ വർഷത്തെ സൂപ്പർ കപ്പിൽ ബെംഗളൂരു എഫ്.സി ആയിരുന്നു ജേതാക്കൾ. ഫൈനലിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചാണ് ബെംഗളൂരു സൂപ്പർ കപ്പ് കിരീടം നേടിയത്.
ഐ ലീഗിലെയും ഐ.എസ്.എല്ലിലെയും 10 ടീമുകൾ വീതമാണ് സൂപ്പർ കപ്പിൽ മത്സരിക്കുക. ഐ ലീഗിൽ പതിനൊന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമിന് സൂപ്പർ കപ്പിൽ പങ്കെടുക്കാൻ കഴിയില്ല. കഴിഞ്ഞ വര്ഷത്തേത് പോലെ തന്നെ ഐ ലീഗിലും ഐ.എസ്.എല്ലിലും ആദ്യ ആറ് സ്ഥാനങ്ങളിൽ ഉള്ള ടീമിന് നേരിട്ട് യോഗ്യത ലഭിക്കും. ബാക്കിയുള്ള 8 ടീമുകൾ തമ്മിൽ യോഗ്യത മത്സരം നടത്തിയാണ് അടുത്ത അവസാന റൗണ്ടിലേക്ക് യോഗ്യത നേടുക. യോഗ്യത മത്സരങ്ങൾ 15-16 തിയ്യതികളിൽ നടക്കും.