Abhisheksharma

മിച്ചൽ മാ‍ര്‍ഷിന്റെ തകര്‍പ്പന്‍ സ്പെല്ലിൽ തകര്‍ന്ന് സൺറൈസേഴ്സ്, മികച്ച സ്കോറൊരുക്കി അഭിഷേക്ക് ശര്‍മ്മയും ക്ലാസ്സനും

‍ഡൽഹി ക്യാപിറ്റൽസിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സൺറൈസേഴ്സ് നേടിയത് 197 റൺസ്. ഒരു ഘട്ടത്തിൽ വലിയ തകര്‍ച്ചയിലേക്ക് വീഴുമെന്ന് തോന്നിപ്പിച്ച ശേഷം ആണ് സൺറൈസേഴ്സിന്റെ തിരിച്ചുവരവ്. മിച്ചൽ മാര്‍ഷിന്റെ നാല് വിക്കറ്റ് നേട്ടത്തിനിടയിലും അഭിഷേക് ശര്‍മ്മയുടെയും ഹെയിന്‍റിച്ച് ക്ലാസ്സന്റെ മികവുറ്റ ബാറ്റിംഗുമാണ് സൺറൈസേഴ്സിന് തുണയായത്. ഇരുവരും അര്‍ദ്ധ ശതകങ്ങള്‍ നേടി.

2.3 ഓവറിൽ 21 റൺസ് നേടിയ സൺറൈസേഴ്സിനെ 5 റൺസ് നേടിയ മയാംഗ് അഗര്‍വാളിനെയാണ് ആദ്യം നഷ്ടമായത്. തുടര്‍ന്ന് മിച്ചൽ മാര്‍ഷ് സൺറൈസേഴ്സ് മധ്യനിരയെ എറി‍ഞ്ഞൊതുക്കുന്നതാണ് കണ്ടത്. രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, ഹാരി ബ്രൂക്ക് എന്നിവരുടെ വിക്കറ്റുകള്‍ മാര്‍ഷ് നേടിയപ്പോള്‍ 83/4 എന്ന നിലയിലേക്ക് സൺറൈസേഴ്സ് വീണു.

അക്സര്‍ പട്ടേൽ 36 പന്തിൽ 67 റൺസ് നേടിയ അഭിഷേക് ശര്‍മ്മയെ വീഴ്ത്തിയപ്പോള്‍ 109/5 എന്ന നിലയിലായിരുന്നു സൺറൈസേഴ്സ്. അഭിഷേക് ശര്‍മ്മയുടെ ഇന്നിംഗ്സ് സൺറൈസേഴ്സിന്റെ റൺറേറ്റ് ഭേദപ്പെട്ട നിലയിൽ നിലനിര്‍ത്തുവാന്‍ സഹായിക്കുകയായിരുന്നു.

അഭിഷേക് പുറത്തായ ശേഷം ഹെയിന്‍റിച്ച് ക്ലാസ്സനും അബ്ദുള്‍ സമദും ചേര്‍ന്ന് സൺറൈസേഴ്സിനായി 6ാം വിക്കറ്റിൽ 53 റൺസ് നേടി. 28 റൺസ് നേടിയ സമദിന്റെ വിക്കറ്റും മിച്ചൽ മാര്‍ഷ് ആണ് നേടിയത്. മത്സരത്തിലെ തന്റെ നാലാം വിക്കറ്റാണ് മാര്‍ഷ് നേടിയത്.

ക്ലാസ്സന്‍ 25 പന്തിൽ നിന്ന് തന്റെ കന്നി ഐപിഎൽ അര്‍ദ്ധ ശതകം നേടുകയായിരുന്നു. ഏഴാം വിക്കറ്റിൽ അകീൽ ഹൊസൈനുമായി ചേര്‍ന്ന് ക്ലാസ്സന്‍ 18 പന്തിൽ നിന്ന് 35 റൺസ് നേടി സൺറൈസേഴ്സിന് മികച്ച സ്കോര്‍ ഒരുക്കി. ക്ലാസ്സന്‍ 27 പന്തിൽ 53 റൺസും അകീൽ ഹൊസൈന്‍ 16 റൺസും നേടി പുറത്താകാതെ നിന്നു.

Exit mobile version