Picsart 23 04 29 21 33 48 847

ബ്രൈറ്റൺ താണ്ഡവം, വോൾവ്സിന്റെ വലയിൽ ആറ് ഗോളുകൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്സിനെ തകർത്തെറിഞ്ഞ് ബ്രൈറ്റൺ. ഇന്ന് അമെക്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ആറു ഗോളുകൾക്കാണ് ബ്രൈറ്റൺ വിജയിച്ചത്. ഡാനി വെൽബക്കും പാസ്കൽ ഗ്രോസും ഉണ്ടാവും ബ്രൈറ്റണായി ഇരട്ട ഗോളുകൾ നേടി. അവസാന രണ്ടു മത്സരങ്ങളിൽ ജയിക്കാൻ കഴിയാത്തതിന്റെ ക്ഷീണം ബ്രൈറ്റൺ ഇന്ന് തീർക്കുകയായിരുന്നു.

ആറാം മിനുട്ടിൽ വെൽബകിന്റെ പാസിൽ നിന്ന് ഉണ്ടാവ് ബ്രൈറ്റന്റെ ആദ്യ ഗോൾ നേടി. പതിമൂന്നാം മിനുട്ടിൽ ഗ്രോസിന്റെ ഇടം കാലൻ സ്ട്രൈക്കിൽ ലീഡ് ഇരട്ടിയായി. 26ആം മിനുട്ടിൽ ഒരു ലോംഗ് റേഞ്ചറിലൂടെ ഗ്രോസ് ബ്രൈറ്റണെ 3-0ന് മുന്നിൽ എത്തിച്ചു. മത്സരത്തിലെ ഏറ്റവും മികച്ച ഗോൾ ഇതായിരുന്നു.

ആദ്യ പകുതി അവസാനിക്കും മുമ്പ് വെൽബക്കിന്റെ ഹെഡർ സ്കോർ 4-0 എന്നാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ വീണ്ടും വെൽബക്ക് സ്കോർ ചെയ്തു. പിന്നീട് ഉണ്ടാവിന്റെ ഒരു ചിപ് ഫിനിഷ് കൂടെ വന്നതോടെ വിജയം പൂർത്തിയായി. സ്കോർ 6-0. ഈ വിജയത്തോടെ 52 പോയിന്റുമായി ബ്രൈറ്റൺ ലീഗിൽ എട്ടാമത് നിൽക്കുകയാണ്‌. വോൾവ്സ് 37 പോയിന്റുമായി 13ആം സ്ഥാനത്ത് നിൽക്കുന്നു.

Exit mobile version