ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിൽ ഇന്ന് കംബോഡിയയെ നേരിട്ട ഇന്ത്യ വിജയത്തോടെ തുടങ്ങി. ഇന്ന് കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ഇന്ത്യയുടെ ആധിപത്യം പുലർത്തിയ ഇന്ത്യ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ക്യാപ്റ്റൻ സുനിൽ ചേത്രി ആണ് രണ്ട് ഗോളുകളും നേടിയത്.
മികച്ച രീതിയിൽ കളി തുടങ്ങിയ ഇന്ത്യ 13ആം മിനുട്ടിൽ തന്നെ ലീഡ് എടുത്തു. ഒരു പെനാൾട്ടിയിൽ നിന്നാണ് ഗോൾ വന്നത്. ഇടതു വിങ്ങിലൂടെ വന്ന ലിസ്റ്റൺ കൊളാസോ കംബോഡിയ ഡിഫൻസിനെ വിറപ്പിച്ചു മുന്നേറി. അവസാനം രക്ഷയില്ലാതെ ലിസ്റ്റണെ കംബോഡിയ താരങ്ങൾക്ക് വീഴ്ത്തേണ്ടി വന്നു. തുടർന്ന് ലഭിച്ച പെനാൾട്ടി സുനിൽ ഛേത്രി ലക്ഷ്യത്തിൽ എത്തിച്ചു.
ഇതിനു ശേഷം ഇന്ത്യ പന്ത് കൈവശം വെച്ചു എങ്കിലും തുറന്ന അവസരങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യക്ക് ആവാത്തത് പ്രശ്നമായി. 42ആം മിനുട്ടിൽ ആകാശ് മിശ്രയുടെ ഒരു ഷോട്ട് മികച്ച സേവിലൂടെ കംബോഡിയ ഗോൾ കീപ്പർ തടഞ്ഞത് ഒരൊറ്റ ഗോളിൽ തന്നെ കളി നിർത്തി.
രണ്ടാം പകുതിയിൽ കൂടുതൽ ഗോളുകൾ നേടാൻ ഉറച്ചായിരുന്നു ഇന്ത്യ ഇറങ്ങിയത്. 59ആം മിനുട്ടിൽ സുനിൽ ഛേത്രി തന്നെ ഇന്ത്യക്ക് രണ്ടാം ഗോളും നൽകി. ഒരു ഷോർട്ട് കോർണറിനു ശേഷം ബ്രാണ്ടൺ നൽകിയ ക്രോസ് ഒരു ക്ലാസിക് ഹെഡറിലൂടെ സുനിൽ ഛേത്രി വലയിൽ എത്തിച്ചു. ഛേത്രിയുടെ ഇന്ത്യൻ ജേഴ്സിയിലെ 82ആം ഗോളായിരുന്നു ഇത്.
ഛേത്രിയെ ഹാട്രിക്ക് അടിക്കും മുമ്പായി സ്റ്റിമാച് പിൻവലിച്ചു. ആശിഖും സഹലും രണ്ടാം പകുതിയിൽ കളത്തിൽ ഇറങ്ങി. ഇന്ത്യ ആധിപത്യം തുടർന്നു എങ്കിലും പിന്നീട് കൂടുതൽ ഗോളുകൾ പിറന്നില്ല. ആശിഖിന് കളിയിൽ അവസാനം നല്ല അവസരം ലഭിച്ചു എങ്കിലും ഗോൾ കീപ്പർ തടസ്സമായി നിന്നു.
ഇനി അടുത്ത മത്സരത്തിൽ അഫ്ഗാനിസ്താനെ നേരിടും.