ഇന്ത്യൻ ഫുട്ബോൾ കണ്ട ഏറ്റവും മികച്ച മുന്നേറ്റനിരക്കാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐ എം വിജയൻ കളമൊഴിയുമ്പോൾ, അദ്ദേഹത്തിന്റെ ബൂട്ടിന് പാകമാകുന്ന കാലുകളുമായി ബൈചുങ് ബൂട്ടിയ ഉദയം ചെയ്തിരുന്നു. വർഷങ്ങൾ കഴിഞ്ഞ് ബയേൺ മ്യൂണിച്ചുമായുള്ള മത്സരത്തിന് ശേഷം ബൈചുങ് കാണികളോട് വിടചൊല്ലുമ്പോഴും ഇന്ത്യൻ ഫുട്ബോൾ അനാഥമായിരുന്നില്ല. സുനിൽ ഛേത്രി അന്നേ താരമായിരുന്നു, ഒപ്പം ജെജെ ലാൽപെഖ്ലുവയും. പതിനെട്ടു വർഷമായി സുനിൽ ഛേത്രി ഇന്ത്യൻ ദേശീയ ടീമിന്റെ കീപ്ലെയറായും ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും ശ്രദ്ധ നേടുന്ന താരമായും വിരാജിക്കുന്നു.
സുനിൽ ഛേത്രിയുടെ 2005 ലെ ദേശീയ ടീം അരങ്ങേറ്റം മുതലുള്ള കാര്യങ്ങളെല്ലാം എഴുതുകയെന്നത് മണ്ടത്തരമായിപ്പോവും, ഫുട്ബോളിനെ ഇന്ത്യ സാകൂതം വീക്ഷിക്കുന്ന പുതിയ സാഹചര്യത്തിൽ പ്രത്യേകിച്ചും. ഇന്ത്യക്കായി ഏറ്റവുമധികം തവണ കളത്തിലിറങ്ങിയ താരം, ഏറ്റവും കൂടുതൽ ഗോളടിച്ചയാൾ എന്നീ റെക്കോഡുകൾ സുനിൽ ഛേത്രിയുടെ കയ്യിലാണ്, ഈ നാഴികക്കല്ലുകൾ ഇനിയൊരാൾ ഭേദിക്കാത്തത്രയും സുരക്ഷിതമാണുതാനും.
ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞാൽ, നിലവിൽ കളിക്കുന്നവരിൽ രാജ്യത്തിനായി ഗോൾ നേടിയത് രണ്ടുപേരാണ്. 84 ഗോളുകൾ വീതം നേടിയ ലിയോണൽ മെസ്സിയും സുനിൽ ഛേത്രിയും. ഇന്ത്യക്കാരടക്കം പരിഹസിക്കുന്ന ഒരു നേട്ടമാണിത്. ഛേത്രി ആർക്കെതിരെയാണ് ഗോളടിച്ചത് എന്നാണ് ആ ചിരിയുടെ ഉള്ളടക്കം. ഇങ്ങനെ സൂക്ഷ്മനിരീക്ഷണം നടത്തുകയാണെങ്കിൽ ഛേത്രിയുടെ സഹതാരങ്ങൾ ആരൊക്കെ എന്ന് തിരിച്ചു ചോദിക്കേണ്ടി വരും. അയാൾ വളർന്നു വന്ന സാഹചര്യം ചോദിക്കേണ്ടി വരും. അയാൾക്ക് ലഭ്യമായ പരിശീലന സൗകര്യങ്ങൾ, രാജ്യത്തെ ജനങ്ങളും സർക്കാരും ഫുട്ബോൾ അസോസിയേഷനും ഫുട്ബോളിന് കൊടുക്കുന്ന പ്രാധാന്യം ഒക്കെ കുടഞ്ഞു ചോദിക്കേണ്ടി വരും. ഒരു റെക്കോർഡ് എന്നാൽ താരങ്ങൾ തമ്മിലുള്ള മികവിന്റെ താരതമ്യമല്ല. അതേസമയം ഗോളടിച്ച കണക്കിൽ ഛേത്രി മെസ്സിയുടെ തോളൊപ്പം എത്തിനിൽക്കുന്നു. പരിഹാസവാക്കുകൾ കൊണ്ട് വസ്തുതയെ മായ്ച്ചുകളയാനാകില്ല.
ഛേത്രിയെ കുറിച്ചുള്ള ഏറ്റവും മികച്ച ഓർമ്മകളിലൊന്ന് 2018 ലെ ഇന്റർകോണ്ടിനെന്റൽ കപ്പാണ്. ടൂർണമെന്റിലെ ആദ്യമത്സരത്തിൽ സുനിൽ ഛേത്രിയുടെ ഹാട്രിക് മികവിൽ ഇന്ത്യ കെനിയക്കെതിരെ 5-0ന്റെ വിജയം നേടി. ഗാലറി ശുഷ്കമായിരുന്നു. ആ മത്സരത്തിന് ശേഷം ഛേത്രി ഒരു വീഡിയോയിലൂടെ നടത്തിയ അഭ്യർത്ഥന ചരിത്രമായി. ഫുട്ബോൾ പ്രേമികളെ സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുന്ന ആ വീഡിയോ സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി തുടങ്ങിയവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. അടുത്ത മത്സരത്തിന്റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നെന്നു മാത്രമല്ല, ഇന്ത്യ ജയം കണ്ടെത്തുകയും ചെയ്തു. ഛേത്രി ഇരട്ടഗോളുകൾ നേടിക്കൊണ്ട് അന്താരാഷ്ട്ര മത്സരങ്ങളിലെ ഗോൾസ്കോറിങ്ങിൽ മെസ്സിക്കൊപ്പമെത്തി. ക്ഷണം സ്വീകരിച്ചെത്തിയ കാണികൾക്ക് മധുരസ്വാഗതമോതുന്ന പ്രകടനം!
ഇതെഴുതുന്നയാൾ ആദ്യമായി ഒരു ഐ എസ് എൽ മത്സരം കാണുന്നത് കൊവിഡിന് തൊട്ടുമുൻപുള്ള സീസണിലാണ്. ഇഷ്ട ടീമായ ബെംഗളൂരു എഫ്‌സി ശ്രീകണ്ഠീരവയിൽ വച്ച് കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടുന്നു. ടീം വാംഅപ്പിനിറങ്ങിയപ്പോൾ ടണലിൽ നിന്നും പുറത്തേക്ക് വരുന്ന ഛേത്രിയെ ഇതാദ്യമായി കണ്ടു. കളി കാണാനല്ല, ഈയൊരു നിമിഷത്തിനാണ് ബെംഗളൂരു വരെ വന്നത് എന്ന് തോന്നിപ്പോയി. മീറ്ററുകൾ മാത്രമകലെ ഇതിഹാസം വാംഅപ്പ് ചെയ്യുന്നു. മൊബൈലിൽ ഫോട്ടോ പകർത്തി കടുത്ത ഛേത്രി ഫാനായ സുഹൃത്തിനയച്ചുകൊടുത്തു. മത്സരം തുടങ്ങി അൻപത്തി അഞ്ചാം മിനിറ്റ്. സ്‌കോർ 0-0. കാര്യമായ നീക്കങ്ങളൊന്നും നടക്കാത്തതിനാൽ മൊബൈലിൽ മുഖം പൂഴ്ത്തി ഇരിക്കുകയായിരുന്നു. പെട്ടെന്ന് ആരവങ്ങളുയർന്നത് കേട്ട് തലയുയർത്തി നോക്കി. ഡിമാസിന്റെ കോർണർ പുറപ്പെട്ടു കഴിഞ്ഞിരുന്നു. ബോക്സിലേക്ക് ഇരച്ചെത്തിയ ഛേത്രിയുടെ കാലുകളിപ്പോൾ നിലത്തല്ല. തല കൊണ്ടുതിർത്ത പന്ത് ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾവലയിൽ! ഗോൾ!! മത്സരം കഴിഞ്ഞപ്പോൾ ആ ഒരൊറ്റ ഗോളിൽ ബ്ലൂസ് ജയിച്ചു. ബെംഗളൂരു എഫ്‌സിയുടെ കളിയും ജയവും കണ്ടു, ഛേത്രിയെ കണ്ടു, ഛേത്രിയുടെ ഗോൾ കണ്ടു… ആനന്ദലബ്ധിക്കിനിയെന്തുവേണം!
പതിനെട്ട് വർഷങ്ങൾക്കിടയിൽ സുനിൽ ഛേത്രി നമ്മെ പലവുരു ആനന്ദിപ്പിച്ചിരിക്കുന്നു. കമന്ററിയുടെ ചാരുതയുള്ള സംസാരം, കാതങ്ങൾ താണ്ടിയാലും ആർക്കുമെത്തിപ്പിടിക്കാനാകാത്ത നാഴികക്കല്ലുകൾ, അങ്ങേയറ്റം ബാലൻസോടെ, പ്രണയത്തോടെ പന്തിനെ കാലിൽ കൊരുത്തു വെക്കാനുള്ള കാന്തികപ്രഭാവമുള്ള പാടവം, ഏഷ്യൻ ഐക്കൺ പുരസ്‌കാരം, അർജുന, പദ്മശ്രീ… അറ്റം കാണാത്ത നദിയൊഴുക്കിന് സമാനമാണ് ഛേത്രി ചുരത്തുന്ന ആനന്ദം.
പ്രായം മുപ്പത്തിയെട്ടും കഴിഞ്ഞ് കരിയറിന്റെ അസ്തമനത്തിലും ആവനാഴിയൊഴിയാതെ ഗോൾവർഷം തുടരുകയാണ് സുനിൽ ഛേത്രി. ദേശീയ ടീമിലെ സ്ഥിരം സ്‌കോറർ ഇപ്പോഴും ഈ വെറ്ററൻ തന്നെ. 2023 എ എഫ് സി ഏഷ്യൻ കപ്പോടെ സുനിൽ ഛേത്രി കളമൊഴിയും. അന്ന് ഇന്ത്യൻ ഫുട്ബോളിനെ നയിക്കാൻ ശേഷിയുള്ള പ്രതിഭാധനർ ടീമിലുണ്ടാകുമായിരിക്കും. ലിസ്റ്റൻ കൊളാസോ, മൻവീർ സിങ്, സഹൽ അബ്ദുൽസമദ്… അങ്ങനെയാരെങ്കിലും, അല്ലെങ്കിൽ മറ്റുചിലർ ഇന്ത്യയെ മുന്നോട്ടുനയിക്കും. പക്ഷേ ഛേത്രി ഒഴിച്ചിടുന്ന വിടവ് ഒരു നഷ്ടത്തിന്റെ സ്‌മാരകമെന്നോണം കാലങ്ങളോളം ഇന്ത്യൻ ഫുട്ബോളിൽ മുഴച്ചുനിൽക്കും. അയാൾക്ക് പകരം നിൽക്കാനാളില്ല എന്നത് തന്നെയാണ് അയാളുടെ വലിപ്പം. അതാണ് ഇന്ത്യൻ ഫുട്ബോളിൽ അയാൾ പതിപ്പിച്ച മുദ്രണത്തിന്റെ ആഴം.
ഇന്ത്യൻ ഫുട്ബോളിന്റെ പകരക്കാരനില്ലാത്ത അമരക്കാരന് പിറന്നാൾ പൊലിവുകൾ…
Story Highlights: An Article on Sunil Chhetri Written by Unais KP