മലയാളി സ്ട്രൈക്കർ വി പി സുഹൈർ ഈസ്റ്റ് ബംഗാളിലേക്ക് തിരികെയെത്തും. കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ആണ് ഈസ്റ്റ് ബംഗാൾ സുഹൈറിനെ സ്വന്തമാക്കുന്നത്. താരം ഈസ്റ്റ് ബംഗാളിൽ മൂന്ന് വർഷത്തെ കരാർ ഒപ്പുവെക്കും എന്ന് IFTWC റിപ്പോർട്ട് ചെയ്യുന്നു. ഒരു വർഷം ഒന്നര കോടി വേതനം ലഭിക്കുന്ന വലിയ കരാർ ആണ് ഈസ്റ്റ് ബംഗാൾ സുഹൈറിന് നൽകിയിരിക്കുന്നത്.
വി പി സുഹൈറിനെ സ്വന്തമാക്കാനുള്ള കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ ക്ലബ് അവസാനിപ്പിച്ചിരുന്നു. നോർത്ത് ഈസ്റ്റ് ആവശ്യപ്പെടുന്ന ട്രാൻസ്ഫർ ഫീ വളരെ വലുതായതാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ ട്രാൻസ്ഫറിൽ നിന്ന് പിന്മാറാൻ കാരണം. കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ സുഹൈറിനായി പകരം താരങ്ങളെ വരെ നൽകാൻ തയ്യാറായിരുന്നു.
ഈ കഴിഞ്ഞ ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റിനായി ഗംഭീര പ്രകടനം നടത്താൻ സുഹൈറിനായിരുന്നു. സുഹൈർ കഴിഞ്ഞ സീസണിൽ നാലു ഗോളുകളും രണ്ട് അസിസ്റ്റും ടീമിന് സംഭാവന നൽകിയിരുന്നു. ഇതിന് പിന്നാലെ താരം ഇന്ത്യക്ക് ആയി അരങ്ങേറ്റവും നടത്തിയിരുന്നു.
അവസാന രണ്ട് സീസണിലും നോർത്ത് ഈസ്റ്റിനൊപ്പം സുഹൈർ ഉണ്ട്. മോഹൻ ബഗാനിൽ നിന്നായിരുന്നു സുഹൈർ നോർത്ത് ഈസ്റ്റിൽ എത്തിയത്. മുമ്പ് രണ്ടു സീസണുകളായി ഗോകുലത്തിന്റെ ജേഴ്സിയിലും സുഹൈർ കളിച്ചിരുന്നു. അതിനു മുമ്പ് ആയിരുന്നു കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിനായി സുജൈർ തകർപ്പൻ പ്രകടനം കാഴ്ചവെച്ചത്. ഗോകുലത്തിനൊപ്പം കേരള പ്രീമിയർ ലീഗ് കിരീടം നേടിയിട്ടുള്ള സുഹൈർ മുമ്പ് കൊൽക്കത്ത ക്ലബായ യുണൈറ്റഡ് സ്പോർട്സിനു വേണ്ടിയും കളിച്ചിട്ടുണ്ട്.