ലയണൽ മെസ്സി പൂർണ്ണ ആരോഗ്യവാനായി തിരികെയെത്തിയ മത്സരത്തിൽ ബാഴ്സലോണക്ക് തകർപ്പൻ വിജയം. ഇറ്റലിയിൽ ഗംഭീര ഫോമിൽ കളിക്കുകയായിരുന്ന ഇന്റർ മിലാനെ ആണ് ഇന്ന് ക്യാമ്പ്നൂവിൽ ബാഴ്സലോണ തോൽപ്പിച്ചത്. തുടക്കത്തിൽ ഇന്ററിനു മുന്നിൽ പതറിയെങ്കിലും തിരിച്ചടിച്ച് കളിയുടെ അവസാനം ബാഴ്സലോണ വിജയം സ്വന്തമാക്കുകയായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബാഴ്സയുടെ വിജയം.
മത്സരം ആരംഭിച്ച് രണ്ടാം മിനുട്ടിൽ തന്നെ ബാഴ്സലോണ ആരാധകരെ നിശബ്ദരാക്കി കൊണ്ട് ഇന്റർ ഗോൾ നേടുകയുണ്ടായി. സാഞ്ചെസിന്റെ പാസിൽ നിന്ന് മാർട്ടിനെസ് ആയിരുന്നു ഇന്ററിന് ലീഡ് നൽകിയത്. ആദ്യ പകുതിയിൽ ആ ലീഡ് നിലനിർത്താൻ ഇന്ററിനായി. ഒപ്പം നിരവധി മികച്ച അവസരങ്ങൾ ഇന്റർ സൃഷ്ടിക്കുകയും ചെയ്തു.
എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. 58ആം മിനുട്ടിൽ സുവാരസ് ബാഴ്സലോണയെ കളിയിലേക്ക് തിരികെ എത്തിച്ചു. സബ്ബായി എത്തിയ വിദാൽ നൽകിയ പാസിൽ നിന്നായിരുന്നു സുവാരസ് ഗോൾ. ആ ഗോളിന് ശേഷം വിജയ ഗോളിനായി ആഞ്ഞു ശ്രമിച്ച ബാഴ്സ 84ആം മിനുട്ടിൽ ആ ഗോൾ കണ്ടെത്തി. ലയണൽ മെസ്സി നടത്തിയ ഗംഭീര കുതിപ്പിന് ഒടുവിൽ സുവാരസിന് പാസ്. ലോകനിലവാരമുള്ള ഫസ്റ്റ് ടച്ചിലൂടെ ഇന്റർ ഡിഫൻസിനെ മറികടന്ന സുവാരസ് പന്ത് വലയിലേക്ക് എത്തിച്ചു. ഇത് വിജയം ഉറപ്പിക്കുന്ന ഗോളായി മാറി. ഗ്രൂപ്പിൽ ബാഴ്സലോണയുടെ ആദ്യ വിജയമാണിത്. ഇന്ററിന് ഇതുവരെ ആദ്യ വിജയം നേടാനായിട്ടില്ല.