ഇതിഹാസം രചിച്ച ആറു വർഷം, സുവാരസ് ഇതിലും മികച്ച വിടവാങ്ങൽ അർഹിച്ചിരുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലൂയിസ് സുവാരസ് ആഗ്രഹിച്ച, അർഹിച്ച യാത്ര അയപ്പല്ല അദ്ദേഹത്തിന് ബാഴ്സലോണയിൽ നിന്ന് സുവാരസിന് ലഭിക്കുന്നത്. എങ്കിലും സുവാരസ് ബാഴ്സലോണയോട് യാത്ര പറഞ്ഞ് പോവുകയാണ്. ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡും തമ്മിൽ സുവാരസിനെ വിൽക്കാൻ കരാർ ആയതോടെ സുവാരസ് ബാഴ്സലോണ താരങ്ങളോടും ബാഴ്സലോണ കുടുംബത്തോടും ഔദ്യോഗികമായി യാത്ര പറഞ്ഞു. കണ്ണീരോടെയാണ് സുവാരസ് ബാഴ്സലോണ ട്രെയിനിങ് ഗ്രൗണ്ട് വിട്ടത് എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്.

അവസാന ആറു വർഷത്തിൽ ബാഴ്സലോണയിൽ ഇതിഹാസം തന്നെ രചിച്ച താരമാണ് സുവാരസ്. ലയണൽ മെസ്സിയുടെ തിളക്കത്തിൽ അധികം ആരും സുവാരസിന്റെ പ്രകടനങ്ങളെ വാഴ്ത്തിയില്ല എന്ന് പറയാം. ആറു വർഷം കൊണ്ട് ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച ഗോളടിക്കാരിൽ മൂന്നാമത് എത്താൻ സുവാരസിനായിരുന്നു. ക്ലബ് തനിക്ക് പകരം ഒരു പുതിയ നമ്പർ 9നെ ബാഴ്സലോണ തേടണം എന്നും താൻ വരുന്ന ഏത് സ്ട്രൈക്കർക്കും വഴികാട്ടും എന്നും സുവാരസ് കഴിഞ്ഞ വർഷം പറഞ്ഞിരുന്നു.

സുവാരസ് തന്നെ പ്രായമാവുകയാണ് എന്ന് അംഗീകരിച്ച് പതിയെ മാറാൻ തയ്യാറാകുമ്പോൾ ആണ് ഒരു സുപ്രഭാതത്തിൽ റൊണാൾഡ് കോമാൻ വന്ന് ഇനി സുവാരസ് ക്ലബിനായി കളിക്കണ്ട എന്ന് തീരുമാനം എടുക്കുന്നത്. സുവാരസിനെ പോലെ ക്ലബിനായി തന്റെ എല്ലാം നൽകിയ ഒരു താരത്തെ അപമാനിക്കുന്നതിന് തുല്യമാണിത്. ഇത്തിരി കൂടെ മെച്ചപ്പെട്ട രീതിയിൽ ഉള്ള വിട പറയൽ സുവാരസ് അർഹിച്ചിരുന്നു എന്ന് ബാഴ്സലോണ കുടുംബം വിശ്വസിക്കുന്നുണ്ട്.

283 മത്സരങ്ങൾ ബാഴ്സലോണക്ക് വേണ്ടി കളിച്ച സുവാരസ് 198 ഗോളുകൾ ക്ലബിനായി നേടി. 107 അസിസ്റ്റും സുവാരസ് സംഭാവന ചെയ്തു. ആറു സീസണിൽ നാലു ലാലിഗ കിരീവും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും സുവാരസ് നേടി. മെസ്സി റൊണാൾഡോ കാലത്ത് പിചിചി നേടുക എന്ന അപൂർവ്വ നേട്ടവും സുവാരസിന്റെ ബാഴ്സലോണ കരിയറിൽ ഉണ്ട്. ഇനി കളിക്കാൻ പോകുന്നത് ബാഴ്സലോണയുടെ വലിയ എതിരാളികൾക്ക് വേണ്ടി ആണെങ്കിലും ബാഴ്സലോണ ആരാധകർക്ക് സുവാരസിനോടുള്ള സ്നേഹം മനസ്സിൽ ഉണ്ടാകും എന്ന് കരുതാം.