സെലെസ്റ്റിയൽ ട്രോഫി ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഏജീസ് ഓഫീസ് 231 റൺസ് നേടി. അവസാന ഓവറുകളിൽ തകര്‍ത്തടിച്ച വൈശാഖ് ചന്ദ്രന്റെ വെടിക്കെട്ട് പ്രകടനത്തിനൊപ്പം അര്‍ദ്ധ ശതകം നേടിയ അഖിൽ എംഎസിന്റെയും മുഹമ്മദ് ഷാനു, മനു കൃഷ്ണന് എന്നിവരുടെയും മികവാര്‍ന്ന ബാറ്റിംഗ് പ്രകടനം ആണ് ടീമിനെ ഈ സ്കോറിലേക്ക് എത്തിച്ചത്.
ടോസ് നേടിയ തൃപ്പൂണിത്തുറ സിസി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അഖിൽ എംഎസ്, മുഹമ്മദ് ഷാനു എന്നിവരുടെ ബാറ്റിംഗ് ആണ് ഏജീസിനെ മുന്നോട്ട് നയിച്ചത്. 50/3 എന്ന നിലയിൽ നിന്ന് നാലാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 74 റസാണ് നേടിയതെങ്കിലും അടുത്തടുത്ത ഓവറുകളിൽ ഇരുവരുടെയും വിക്കറ്റുകള്‍ നഷ്ടമായത് ഏജീസിന് തിരിച്ചടിയായി.
അഖിൽ 50 റൺസും മുഹമ്മദ് ഷാനു 39 റൺസുമാണ് നേടിയത്. ഇരുവരെയും നഷ്ടമായി 126/5 എന്ന നിലയിലേക്ക് വീണ ഏജീസിനെ 49 റൺസ് കൂട്ടുകെട്ട് നേടി ഷഹ്ബാസ് ഹുസൈന്(28)- മനു കൃഷ്ണന് കൂട്ടുകെട്ട് മുന്നോട്ട് നയിക്കുകയായിരുന്നു. ഷഹ്ബാസ് പുറത്തായ ശേഷവും മനു റൺസ് കണ്ടെത്തിയപ്പോള്‍ ഏജീസിന്റെ സ്കോര്‍ 200 കടന്നു.
അവസാന ഓവറുകളിൽ വൈശാഖ് ചന്ദ്രന്റെ വെടിക്കെട്ട് ബാറ്റിംഗ് കൂടിയായപ്പോള്‍ ഏജീസ് 37 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 231 റൺസാണ് നേടിയത്. 15 പന്തിൽ 30 റൺസാണ് വൈശാഖ് ചന്ദ്രന് നേടിയത്. മനു കൃഷ്ണ 35 റൺസും നേടി.
തൃപ്പൂണിത്തുറ സിസിയ്ക്ക് വേണ്ടി നിഖിൽ ബാബുവും ജോസ് എസ് പേരയിലും രണ്ട് വീതം വിക്കറ്റ് നേടി. സിഎസ് സൂരജ്, മുഹമ്മദ് ആഷിഖ്, ശ്രീഹരി എസ് നായര്‍ എന്നിവരും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.