“സ്റ്റീവ് സ്മിത്തിന്റെ പ്രകടനം മികച്ച വ്യക്തിഗത പ്രകടനമായി ചരിത്രത്തിൽ ഇടം നേടും”

Staff Reporter

ആഷസിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് പുറത്തെടുത്ത പ്രകടനം ചരിത്രത്തിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനങ്ങളിൽ ഒന്നായി മാറുമെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റനും നിലവിൽ ഓസ്ട്രേലിയൻ ടീമിന്റെ മെന്ററുമായ സ്റ്റീവ് വോ. പന്ത് ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് ഒരു വർഷത്തെ വിലക്ക് കഴിഞ്ഞ് ക്രിക്കറ്റിൽ തിരിച്ചെത്തിയ സ്റ്റീവ് സ്മിത്ത് ഈ ആഷസ് പരമ്പരയിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

സ്മിത്ത് വളരെ അനായാസമാണ് റണ്ണുകൾ എടുക്കുന്നതെന്നും മറ്റുളവർ കളിക്കുന്നതിനേക്കാൾ ഒരു ലെവൽ മുകളിലാണ് സ്മിത്തിന്റെ പ്രകടനമെന്നും സ്റ്റീവ് വോ പറഞ്ഞു. അഞ്ച് ഇന്നിങ്സിൽ നിന്ന് 671 റൺസാണ് സ്റ്റീവ് സ്മിത്ത് ഈ പരമ്പരയിൽ നേടിയത്. ഒരു ഡബിൾ സെഞ്ചുറിയും രണ്ടു സെഞ്ചുറികളും ഈ പരമ്പരയിൽ നേടാനും സ്മിത്തിനായി. ഓസ്ട്രേലിയ വിജയിച്ച രണ്ട് ടെസ്റ്റുകളിലും നിർണായക പ്രകടനം പുറത്തെടുക്കാനും സ്മിത്തിനായിരുന്നു. സ്മിത്തിന്റെ പ്രകടനത്തിന്റെ പിൻബലത്തിൽ ഓസ്ട്രേലിയ ആഷസ് കിരീടം നിലനിർത്തിയിരുന്നു.