പുതിയ ഔട്ട്ഫിറ്റിൽ മിന്നുന്ന ഫോമുമായി റോജർ ഫെഡറർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ലജോവിച്ചിനെ നേരിട്ടുള്ള സെറ്റുകളിൽ മറികടന്നായിരുന്നു ഫെഡററുടെ കുതിപ്പ്. സ്‌കോർ 6-1, 6-2, 6-4. പരിക്കിൽ നിന്ന് മുക്തനായി പഴയ ഫോം തേടുന്ന സ്റ്റാൻ വാവ്റിങ്ക ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷം തിരിച്ചടിച്ച് ആറാം സീഡ് ദിമിത്രോവിനെ അട്ടിമറിച്ച് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. സ്‌കോർ 1-6, 7-6, 7-6, 6-4.
ആദ്യമായാണ് ഡിമിത്രോവ് വിംബിൾഡണിന്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്താകുന്നത്. ഇന്ത്യൻ പ്രതീക്ഷയായ യുക്കി ബാംബ്രി ആദ്യ സെറ്റ് നേടിയ ശേഷം ആദ്യ റൗണ്ടിൽ പുറത്തായി. ഇറ്റലിയുടെ ഫാബിയാനോയാണ് യൂക്കിയ്ക്ക് മടക്ക ടിക്കറ്റ് നൽകിയത്. മറ്റുമത്സരങ്ങളിൽ മരിയൻ സിലിച്ച്, ഇസ്‌നർ, റയോനിച്ച്, മെദ്ദേവ്, ആൻഡേഴ്‌സൺ, മോൺഫിസ് എന്നിവർ രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചു.
വനിതകളുടെ വിഭാഗത്തിൽ അഞ്ചാം സീഡ് സ്വിറ്റോലിനയെ അട്ടിമറിച്ച് മരിയ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. അമേരിക്കയുടെ കോക്കോ വാൻഡവാഗേയ്ക്കും ആദ്യ റൗണ്ടിൽ തന്നെ അടിതെറ്റി. സിനയ്ക്കോവയാണ് അമേരിക്കൻ താരത്തെ അട്ടിമറിച്ചത്.
വോസ്‌നിയാക്കി, വില്ല്യംസ് സഹോദരിമാർ, മാഡിസൺ കീസ്, പ്ലിസ്‌കോവ എന്നിവർ അടുത്ത റൗണ്ടിലേക്ക് മുന്നേറിയപ്പോൾ നാലാം സീഡും ഫ്രഞ്ച് ഓപ്പൺ ഫൈനലിസ്റ്റും യുഎസ് ഓപ്പൺ ജേതാവുമായ സ്റ്റീഫൻസിന് ആദ്യ റൗണ്ടിൽ തോൽവി പിണഞ്ഞു. ക്രൊയേഷ്യയുടെ വെകിച്ചാണ് നേരിട്ടുള്ള സെറ്റുകളിൽ അമേരിക്കൻ താരത്തെ അട്ടിമറിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial