ടി20 വനിത ലോകകപ്പിന്റെ സന്നാഹ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം നേടി ശ്രീലങ്ക. അയര്‍ലണ്ടിനെതിരെ ആവേശകരമായ 2 റൺസ് വിജയം ആണ് ഒരു പന്ത് അവശേഷിക്കെ ശ്രീലങ്ക നേടിയത്.
മത്സരം അവസാന ഓവറിലേക്ക് കടന്നപ്പോള്‍ രണ്ട് വിക്കറ്റ് കൈവശമുണ്ടായിരുന്ന അയര്‍ലണ്ടിന് 3 റൺസായിരുന്നു വിജയത്തിനായി വേണ്ടിയിരുന്നത്. 16 പന്തിൽ 29 റൺസ് നേടി അര്‍ലീന്‍ കെല്ലി ക്രീസിലുള്ളത് അയര്‍ലണ്ടിന് പ്രതീക്ഷയായിരുന്നു.
സുഗന്ദിക കുമാരി എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ കെല്ലി സിംഗിള്‍ നേടിയപ്പോള്‍ അടുത്ത പന്തിൽ കാറ മുറേ ബീറ്റൺ ആവുകയും മൂന്നാം പന്തിൽ താരം പുറത്താകുകയും ചെയ്തു. അഞ്ചാം പന്തിൽ സ്ട്രൈക്ക് തിരിച്ച് നേടുവാനുള്ള ശ്രമത്തിൽ കെല്ലി റണ്ണൗട്ടായതോടെ അയര്‍ലണ്ടിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു. 17 പന്തിൽ 30 റൺസായിരുന്നു കെല്ലി നേടിയത്.
കെല്ലിയ്ക്ക് പുറമെ ഗാബി ലൂയിസ് 38 റൺസും ലോറ ഡെലാനി 21 റൺസും നേടിയപ്പോള്‍ ശ്രീലങ്കയ്ക്കായി ഇനോക രണവീരയും ഒഷാഡി രണസിംഗേയും മൂന്ന് വീതം വിക്കറ്റ് നേടി. 19.5 ഓവറിൽ അയര്‍ലണ്ട് 147 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഹര്‍ഷിത മാധവി(56), വിഷ്മി ഗുണരത്നേ(36), ചാമരി അത്തപ്പത്തു(27) എന്നിവരുടെ ബാറ്റിംഗ് മികവിൽ ആണ് 149/5 എന്ന സ്കോര്‍ നേടിയത്.