ദക്ഷിണാഫ്രിക്കയില്‍ ഒരു പരമ്പര വിജയം. ക്രിക്കറ്റ് ലോകത്ത് ഏഷ്യന്‍ ശക്തികള്‍ക്ക് സാധ്യമാകാതെ പോയ ഒരു കാര്യമാണ് ഇന്ന് ലങ്ക പോര്‍ട്ട് എലിസബത്തിലെ വിജയത്തിലൂടെ സാധിച്ചത്. ഡര്‍ബനില്‍ പാകിയ അടിത്തറയുടെ പുറത്ത് കെട്ടിപ്പടുത്ത വിജയം ഇത്തവണ പോര്‍ട്ട് എലിസബത്തത്തിലും ആവര്‍ത്തിച്ചപ്പോള്‍ ലങ്ക ദക്ഷിണാഫ്രിക്കയില്‍ പരമ്പര നേടുകയെന്ന ചരിത്ര നേട്ടമാണ് സ്വന്തമാക്കിയത്.
197 റണ്‍സെന്ന ലക്ഷ്യം തേടിയിറങ്ങിയ ലങ്കയ്ക്ക് രണ്ട് വിക്കറ്റാണ് നഷ്ടമായത്. കുശല്‍ മെന്‍ഡിസ് 84 റണ്‍സും ഒഷാഡ ഫെര്‍ണാണ്ടോ 84 റണ്‍സും നേടിയപ്പോള്‍ മൂന്നാം ദിവസം വിക്കറ്റൊന്നും തന്നെ നേടുവാന്‍ ദക്ഷിണാഫ്രിക്കയ്ക്കായില്ല. മെന്‍ഡിസ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യ ടെസ്റ്റിലെ വീരോചിത പോരാട്ടത്തിനു കുശല്‍ പെരേര പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
ഇംഗ്ലണ്ടിനോട് നാട്ടിലും ഓസ്ട്രേലിയയോട് അവിടെയും നാണംകെട്ട് തോറ്റ് ശേഷം ടീമില്‍ പല സീനിയര്‍ താരങ്ങളെയും പുറത്താക്കിയ ശേഷമാണ് ലങ്ക ദക്ഷിണാഫ്രിക്കയിലെത്തുന്നത്. ആദ്യ ടെസ്റ്റില്‍ 304 എന്ന ലക്ഷ്യത്തെ പിന്തുടര്‍ന്ന് തോല്‍വിയുറ്റ് നോക്കിയ നിമിഷങ്ങളില്‍ നിന്ന് ജയത്തിലേക്ക് അവസാന വിക്കറ്റില്‍ 78 റണ്‍സ് നേടി നടന്ന കയറിയ കുശല്‍ ജനിത് പെരേര അക്ഷരാര്‍ത്ഥത്തില്‍ മരതക ദ്വീപുകാരുടെ ആത്മ വിശ്വാസത്തെ വാനത്തോളമുയര്‍ത്തുകയായിരുന്നു.
ഇരു ടെസ്റ്റുകളിലും എടുത്ത് പറയേണ്ടത് ശ്രീലങ്കയുടെ ബൗളര്‍മാരുടെ പ്രകടനമാണ്. ലസിത് എംബുദേനിയയും വിശ്വ ഫെര്‍ണാണ്ടോയും കസുന്‍ രജിതയും സുരംഗ ലക്മലും എല്ലാം ടെസ്റ്റിന്റെ പല ഘട്ടത്തിലായും മാസ്മരിക പ്രകടനമാണ് ലങ്കയ്ക്ക് വേണ്ടി പുറത്തെടുത്തത്.