ഏഷ്യ കപ്പില്‍ തുടരാന്‍ ശ്രീലങ്ക നേടേണ്ടത് 250 റണ്‍സ്

Sports Correspondent

കപ്പില്‍ നിന്ന് പുറത്താകാതിരിക്കുവാന്‍ അഫ്ഗാനിസ്ഥാനെതിരെ വിജയം അനിവാര്യമായ ശ്രീലങ്ക നേടേണ്ടത് 250 റണ്‍സ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ഒരു ഘട്ടത്തില്‍ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയെങ്കിലും കൃത്യതയോടെ എറിഞ്ഞ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ 50 ഓവറില്‍ 249 റണ്‍സിനു ഓള്‍ഔട്ട് ആക്കി. റഹ്മത് ഷാ(72), ഇഹ്സാനുള്ള ജനത്(45), മുഹമ്മദ് ഷെഹ്സാദ്(34), ഹസ്മത്തുള്ള ഷഹീദി(37) എന്നിവരുടെ പ്രകടനമാണ് ടീമിനെ 249 റണ്‍സിലേക്ക് നയിച്ചത്.

എന്നാല്‍ അവസാന ഓവറുകളില്‍ വേണ്ടത്ര വേഗതയില്‍ സ്കോറിംഗ് സാധ്യമല്ലാതെ പോയത് അഫ്ഗാനിസ്ഥാനു തിരിച്ചടിയായി. ഒരു ഘട്ടത്തില്‍ അഫ്ഗാനിസ്ഥാന്‍ 107/1 എന്ന നിലയിലായിരുന്നുവെങ്കില്‍ പിന്നീട് തുടരെ വിക്കറ്റുകള്‍ വീണത് റണ്‍ സ്കോറിംഗിനെ ബാധിച്ചു. തിസാര പെരേര 5 വിക്കറ്റ് നേടി ശ്രീലങ്ക ബൗളര്‍മാരില്‍ തിളങ്ങിയപ്പോള്‍ അകില ധനന്‍ജയ രണ്ട് വിക്കറ്റ് നേടി. ലസിത് മലിംഗ, ഷെഹാന്‍ ജയസൂര്യ, ദുഷ്മന്ത ചമീര എന്നിവര്‍ ഓരോ വിക്കറ്റും നേടി.