ജോസ് ബട്‍ലറുടെ 101 റൺസിന്റെ ബലത്തിൽ ശ്രീലങ്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 163/4 എന്ന സ്കോര്‍ നേടിയ ഇംഗ്ലണ്ട് എതിരാളികളെ 137 റൺസിന് ഒതുക്കി 26 റൺസ് വിജയം നേടി. തുടക്കം പാളിയെങ്കിലും ശ്രീലങ്കയുടെ ആറാം വിക്കറ്റ് കൂട്ടുകെട്ട് ഇംഗ്ലണ്ട് ക്യാമ്പിൽ ഭീതി പടര്‍ത്തിയ നിമിഷങ്ങള്‍ സമ്മാനിച്ച ശേഷം കീഴടങ്ങിയപ്പോള്‍ ടീം 19 ഓവറിൽ ഓള്‍ഔട്ട് ആകുകയായിരുന്നു.
ചരിത് അസലങ്കയും ഭാനുക രജപക്സയും അതിവേഗത്തിൽ സ്കോറിംഗിന് ശ്രമിച്ചുവെങ്കിലും ഇരുവരുടെയും വിക്കറ്റുകള്‍ വേഗത്തിൽ നഷ്ടമായതും ശ്രീലങ്കയ്ക്ക് തിരിച്ചടിയായി. കുറഞ്ഞ പന്തിൽ അസലങ്ക 21 റൺസും രജപക്സ 26 റൺസുമാണ് നേടിയത്.
76/5 എന്ന നിലയിലേക്ക് വീണ ശ്രീലങ്ക പിന്നീട് മത്സരത്തിൽ തങ്ങളുടെ സാധ്യതകള്‍ സജീവമാക്കി നിര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്. വനിന്‍ഡു ഹസരംഗയും ക്യാപ്റ്റന്‍ ദസുന്‍ ഷനകയും ആറാം വിക്കറ്റിൽ കസറിയപ്പോള്‍ ലങ്ക ഇംഗ്ലണ്ട് സ്കോറിന് അടുത്തേക്ക് എത്തി.
36 പന്തിൽ 53 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. 21 പന്തിൽ 34 റൺസ് നേടിയ വനിന്‍ഡു ഹസരംഗയെ നഷ്ടമാകുമ്പോള്‍ 19 പന്തിൽ 35 റൺസായിരുന്നു ശ്രീലങ്ക നേടേണ്ടിയിരുന്നത്. അധികം വൈകാതെ ക്യാപ്റ്റന്‍ ദസുന്‍ ഷനകയും(26) പുറത്തായതോടെ ലങ്കയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു.
ഇംഗ്ലണ്ടിന് വേണ്ടി മോയിന്‍ അലി, ആദിൽ റഷീദ്, ക്രിസ് ജോര്‍ദ്ദന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടുകയായിരുന്നു.