U19 ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും. 209/7 എന്ന സ്കോറില്‍ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിച്ച ശ്രീലങ്കയുടെ രക്ഷയ്ക്കെത്തിയത് നുവാനിഡു ഫെര്‍ണാണ്ടോ നേടിയ 111 റണ്‍സായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാനെ 48.3 ഓവറില്‍ 178 റണ്‍സിനു എറിഞ്ഞിട്ടാണ് ശ്രീലങ്ക 32 റണ്‍സ് ജയം സ്വന്തമാക്കിയത്.
4 വിക്കറ്റ് നേടി ശശിക ദുല്‍ഷനു പിന്തുണയായി കല്‍ഹാര സേന രത്നേ, നവോദ് പരണവിതാന എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ദുലിത് വെല്ലാലാഗേ ഒരു വിക്കറ്റ് നേടി. 84/1 എന്ന നിലയില്‍ നിന്നാണ് അഫ്ഗാനിസ്ഥാന്റെ തകര്‍ച്ച ആരംഭിക്കുന്നത്. 46 റണ്‍സ് നേടിയ ക്യാപ്റ്റനും ഓപ്പണറുമായി റഹ്മാനുള്ളയാണ് ടീമിന്റെ ടോപ് സ്കോറര്‍. ഇജാസ് അഹമ്മദ് 37 റണ്‍സ് നേടി പുറത്തായി. ബസീര്‍ ഖാന്‍ 27 റണ്‍സും ആരിഫ് ഖാന്‍ 20 റണ്‍സും നേടിയെങ്കിലും ആരും തന്നെ വലിയൊരു ഇന്നിംഗ്സ് കളിക്കാതെ വന്നപ്പോള്‍ ടീമിന്റെ ഫൈനല്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയായി.
ടൂര്‍ണ്ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാത്ത ടീമുകളാണ് ഇന്ത്യയും ശ്രീലങ്കയും. സെമി ഫൈനലില്‍ ഇന്ത്യ തോല്‍വിയുടെ വക്കില്‍ നിന്ന് വിജയം പിടിച്ചെടുത്തപ്പോള്‍ ശ്രീലങ്കയും പോരാടിയാണ് ഫൈനല്‍ യോഗ്യത നേടിയിരിക്കുന്നത്.