വിജയ് ഹസാരെ ട്രോഫിയില്‍ ഇന്ന് കേരളത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത് ഉത്തര്‍ പ്രദേശ് 283 റണ്‍സിന് ഓള്‍ഔട്ട് ആയി. ശ്രീശാന്തിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് കേരളത്തിന് 49.4 ഓവറില്‍ എതിരാളികളെ പുറത്താക്കുവാന്‍ സഹായിച്ചത്. മത്സരത്തില്‍ കേരളം ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിലേത് പോലെ കേരളത്തിനെതിരെ എതിരാളികളുടെ ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നേടിയത്.
ഒന്നാം വിക്കറ്റില്‍ 93 റണ്‍സ് നേടിയ അഭിഷേക് ഗോസ്വാമി – കരണ്‍ ശര്‍മ്മ കൂട്ടുകെട്ടിനെ ജലജ് സക്സേനയാണ് തകര്‍ത്തത്. 34 റണ്‍സ് നേടിയ കരണിനെ നഷ്ടമായ ഉത്തര്‍പ്രദേശിന് തൊട്ടടുത്ത പന്തില്‍ അഭിഷേക് ഗോസ്വാമിയുടെ വിക്കറ്റും നഷ്ടമായി ശ്രീശാന്തിനായിരുന്നു വിക്കറ്റ്.
93/0 എന്ന നിലയില്‍ നിന്ന് 93/2 എന്ന നിലയിലേക്ക് ഉത്തര്‍പ്രദേശ് വീണുവെങ്കിലും പ്രിയം ഗാര്‍ഗും റിങ്കു സിംഗും ചേര്‍ന്ന് 46 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടി ടീമിനെ മുന്നോട്ട് നയിച്ചു. 26 റണ്‍സ് നേടിയ റിങ്കു സിംഗിനെ സച്ചിന് ബേബിയാണ് പുറത്താക്കിയത്.
പിന്നീട് പ്രിയം ഗാര്‍ഗും അക്ഷ് ദീപ് നാഥും ചേര്‍ന്ന് ഉത്തര്‍ പ്രദേശിനെ മുന്നോട്ട് നയിക്കുന്നതാണ് കണ്ടത്. 79 റണ്‍സാണ് ഈ കൂട്ടുകെട്ട് നാലാം വിക്കറ്റില്‍ നേടിയത്. 57 റണ്‍സ് നേടിയ പ്രിയം ഗാര്‍ഗ് റണ്ണൗട്ട് രൂപത്തില്‍ പുറത്തായപ്പോള്‍ ഉത്തര്‍ പ്രദേശിന്റെ സ്കോര്‍ 42.2 ഓവറില്‍ 218 റണ്‍സായിരുന്നു.
68 റണ്‍സ് നേടിയ അക്ഷ ദീപ് നാഥ് ആണ് ഉത്തര്‍ പ്രദേശിന്റെ ടോപ് സ്കോറര്‍. സച്ചിന് ബേബിയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.