ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി അഭിമാനകരമായ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പർ ശ്രീജേഷിന് 2 കോടി പാരിതോഷികം പ്രഖ്യാപിച്ച് കേരള സർക്കാർ. കേരളം ശ്രീജേഷിനെ ആദരിക്കുന്നില്ല എന്ന വിമർശനങ്ങൾക്ക് അവസാനമിടാൻ ഈ പ്രഖ്യാപനത്തിനാകും. കായിക മന്ത്രി വി അബ്ദു റഹ്മാൻ ആണ് ഔദ്യോഗിക പ്രസ്താവനയിലൂടെ ഈ വിവരം പങ്കുവെച്ചത്.
ശ്രീജേഷിന് കേരളസർക്കാർ പാരിതോഷികമായി 2 കോടി രൂപ സമ്മാനിക്കുന്നതോടിപ്പം നിലവിൽ വിദ്യാഭാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ ആയ ശ്രീജേഷിനെ ജോയിന്റ് ഡയറക്ടർ ആയി സ്ഥാനക്കയറ്റം നൽകാനും തീരുമാനിച്ചു.
ഒളിംപിക്സിൽ പങ്കെടുത്ത മറ്റു 8 മലയാളികൾക്ക് ഒളിംപിക്‌സ് ഒരുക്കങ്ങൾക്കായി 5 ലക്ഷം രൂപ സർക്കാർ നൽകിയിരുന്നു. ഇതിനു പുറമെ 5 ലക്ഷം രൂപയും കൂടി ഇവർക്ക് നൽകാനും തീരുമാനിച്ചു.
മന്ത്രിയുടെ കുറിപ്പ്;
ഹൃദയം കൊണ്ട് കേരളം ശ്രീജേഷിനെ വരവേറ്റു. സമകാലീന കേരളത്തിലെ സ്പോർട്സ് ഭൂപടത്തെ മാറ്റിവരയ്ക്കുന്നതിൽ ശ്രീജേഷിനോളം പങ്കുവഹിച്ചവർ വിരളമാണ്. കേരളത്തിന്റെ ശിരസ്സുയർത്തി പിടിക്കാൻ പ്രാപ്തമാക്കിയ ശ്രീജേഷിന്റെ കായിക മികവിന് മുന്നിൽ അഭിമാനത്തോടെ നിൽക്കുന്നതിനോടൊപ്പം തന്നെ ഇളം തലമുറയ്ക്ക് ഏറെ പ്രതീക്ഷകളും ഈ നേട്ടം നൽകുന്നു..
വരും തലമുറയ്ക്ക് ഒരുപാട് കേരളത്തിന്റെ ഈ മകനിൽ നിന്ന് പഠിക്കാൻ ഉണ്ട്. കളിയിടത്തിലും ജീവിതത്തിലുമുള്ള തികഞ്ഞ അച്ചടക്കം, അസാമാന്യമായ ആത്മസമർപ്പണം, ജീവിത ലക്ഷ്യങ്ങൾ തേടിയുള്ള പ്രതീക്ഷയുടെ പ്രയാണം ഇവയെല്ലാമാണ് ശ്രീജേഷിനോടൊപ്പം മലയാളികൾ പ്രത്യേകിച്ച് വളർന്ന് വരുന്ന യുവ പ്രതിഭകൾ തങ്ങളുടെ ജീവിതത്തിലേക്ക് സ്വീകരിക്കേണ്ടത്.
ശ്രീജേഷിന് കേരളസർക്കാർ പാരിതോഷികമായി 2 കോടി രൂപ സമ്മാനിക്കാൻ തീരുമാനിച്ചു. നിലവിൽ വിദ്യാഭാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ ആയ ശ്രീജേഷിനെ ജോയിന്റ് ഡയറക്ടർ ആയി സ്ഥാനക്കയറ്റം നൽകാനും തീരുമാനിച്ചു.
ഒളിംപിക്സിൽ പങ്കെടുത്ത മറ്റു 8 മലയാളികൾക്ക് ഒളിംപിക്‌സ് ഒരുക്കങ്ങൾക്കായി 5 ലക്ഷം രൂപ നൽകിയിരുന്നു. ഇതിനു പുറമെ 5 ലക്ഷം രൂപയും കൂടി ഇവർക്ക് നൽകാനും തീരുമാനിച്ചു.