ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരിക്കൽ കൂടെ ആഴ്സണൽ ടോപ് 4ൽ നിന്ന് പുറത്ത്. ഇന്ന് പ്രീമിയർ ലീഗിലെ അവസാന മത്സരത്തിൽ ആഴ്സണലിന്റെ ചിരവൈരികളായ സ്പർസ് നോർവിച് സിറ്റിയെ പരാജയപ്പെടുത്തിയതോടെയാണ് സ്പർസ് നാലാം സ്ഥാനം സ്വന്തമാക്കുകയും ആഴ്സണൽ അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടതായും വന്നത്. ഇന്ന് സ്പർസ് പരാജയപ്പെട്ടാൽ മാത്രം ആഴ്സണലിന് ചാൻസ് ഉണ്ടായിരുന്നുള്ളൂ. സ്പർസ് 5-0ന് നോർവിചിനെ തോൽപ്പിച്ചപ്പോൾ എവർട്ടണെ ആഴ്സണൽ 5-1ന് തോൽപ്പിച്ചു.
ഇന്നത്തെ മത്സരങ്ങൾ ആരംഭിക്കുമ്പോൾ ആഴ്സ്ണലിന് 66 പോയിന്റും സ്പർസിന് 68 പോയിന്റും ആയിരുന്നു. ആഴ്സണൽ എവർട്ടണ് എതിരെ മെല്ലെ തുടങ്ങിയപ്പോൾ മറുവശത്ത് സ്പർസ് നോർവിചിനെതിരെ 16ആം മിനുട്ടിൽ ലീഡ് എടുത്തു. കുലുസവേസ്കിയുടെ വക ആയിരുന്നു ഗോൾ.
എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആഴ്സണൽ 27ആം മിനുട്ടിൽ ലീഡ് എടുത്തു. എവർട്ടൺ സമ്മാനിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് മാർട്ടിനെല്ലിയാണ് ആഴ്സണലിന് ലീഡ് നൽകിയത്. ഇതിനു പിന്നാലെ എങ്കിറ്റിയയിലൂടെ ആഴ്സണൽ ലീഡ് ഇരട്ടിയാക്കി. 31ആം മിനുട്ടിൽ ആയിരുന്നു ആഴ്സണലിന്റെ ഗോൾ.
സ്പർസ് അവരുടെ മത്സരത്തിൽ 32ആം മിനുട്ടിൽ കെയ്നിലൂടെ ലീഡ് ഇരട്ടിയാക്കി. 2-0നു മുന്നിൽ. സ്പർസ് ആദ്യ പകുതി 2-0ന് അവസാനിപ്പിച്ചു. ആഴ്സണൽ എവർട്ടണിൽ നിന്ന് ഒരു ഗോൾ വഴങ്ങി ആദ്യ പകുതി 2-1ന് അവസാനിപ്പിച്ചു
രണ്ടാം പകുതിയിൽ സെഡെറികിലൂടെ ആഴ്സണൽ മൂന്നാം ഗോൾ കണ്ടെത്തി. ഗബ്രൊയേലിലൂടെ നാലാം ഗോളും ഒഡെഗാർഡിലൂടെ അഞ്ചാം ഗോളും വന്നു.
സ്പർസ് കുലുസവേസ്കിയിലൂടെ മൂന്നാം ഗോളും കണ്ടെത്തി.പിന്നെ സോണിന്റെ ഇരട്ട ഗോളുകൾ കൂടെ. സ്പർസ് 5 ഗോളിന് മുന്നിൽ.
ഈ വിജയത്തോടെ സ്പർസ് 71 പോയിന്റുമായി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കോണ്ടെ പരിശീലകനായി സ്ഥാനം ഏൽക്കുമ്പോൾ 9ആം സ്ഥാനത്ത് ഉണ്ടായിരുന്ന ടീമാണ് സ്പർസ്. അവിടെ നിന്നാണ് അവർ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചത്. ആഴ്സണൽ ആകട്ടെ മൂന്ന് മത്സരങ്ങൾക്ക് മുമ്പ് സ്പർസിനെക്കാൾ രണ്ട് പോയിന്റ് മുന്നിലായിരുന്നു. അവിടെ നിന്നാണ് ടോപ് 4 കൈവിട്ടത്.