അത്ഭുതം മഹാത്ഭുതം ഈ മാഞ്ചസ്റ്റർ സിറ്റി!! ലിവർപൂളിന്റെ ക്വാഡ്രപ്പിളിൽ മണ്ണുവാരിയിട്ട് സിറ്റി പ്രീമിയർ ലീഗ് ചാമ്പ്യൻസ്!!

അഞ്ചു വർഷത്തിന് ഇടയിലെ നാലാം കിരീടം

മാഞ്ചസ്റ്റർ സിറ്റി 3-2 ആസ്റ്റൺ വില്ല

ലിവർപൂൾ 3-1 വോൾവ്സ്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ഒരിക്കൽ കൂടെ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയുടെ കൈകളിലേക്ക്. കിരീട പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തൊട്ടു പിറകിൽ ഉണ്ടായിരുന്ന ലിവർപൂളിനെ പിറകിൽ തന്നെ നിർത്തി കൊണ്ടാണ് മാഞ്ചസ്റ്റർ സിറ്റി ഇന്ന് കിരീടം ഉയർത്തിയത്‌. ഒരു അത്ഭുത മത്സരത്തിൽ ആസ്റ്റൺ വില്ലക്ക് എതിരെ 2 ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ച് 3-2ന്റെ വിജയം നേടിയാണ് സിറ്റി കിരീടം നേടിയത്. ലിവർപൂൾ അവരുടെ മത്സരത്തിൽ വോൾവ്സിനെ തോൽപ്പിച്ചു എങ്കിലും ഫലം ഉണ്ടായില്ല.

ഇന്ന് അവസാന മത്സരത്തിന് ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും അവരവരുടെ ഹോം ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ സിറ്റിക്ക് ഒരു പോയിന്റ് പിറകിൽ ആയിരുന്നു ലിവർപൂൾ. ലിവർപൂൾ ആൻഫീൽഡിൽ വോൾസിനെതിരെ രണ്ടാം മിനുട്ടിൽ തന്നെ പിറകിൽ പോയത് മാഞ്ചസ്റ്റർ സിറ്റിക്ക് ആശ്വാസം ആയി. നെറ്റോയിലൂടെയാണ് ആൻഫീൽഡിനെ നിശബ്ദരാക്കി കൊണ്ട് വോൾവ്സ് ലീഡ് എടുത്തത്. അപ്പോൾ സിറ്റിക്ക് പോയിന്റ് 91. ലിവർപൂളിന് 89ഉം. 20220522 210105

മാഞ്ചസ്റ്റർ സിറ്റി ആസ്റ്റൺ വില്ലക്ക് എതിരെ ഗോളവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ വന്നില്ല. ലിവർപൂൾ ആകട്ടെ ഈ സമയം കൊണ്ട് ആൻഫീൽഡിൽ സമനില കണ്ടെത്തി. 24ആം മിനുട്ടിൽ സാഡിയോ മാനെയിലൂടെ ആയിരുന്നു ലിവർപൂളിന്റെ സമനില ഗോൾ. അവർ വീണ്ടും സിറ്റിക്ക് ഒരു പോയിന്റ് മാത്രം പിറകിൽ.

ലിവർപൂൾ ലീഡ് നേടാൻ വേണ്ടി പോരാടുന്നതിന് ഇടയിൽ ഇത്തിഹാസ് സ്റ്റേഡിയത്തിൽ സ്റ്റീവൻ ജെറാഡിന്റെ ആസ്റ്റൺ വില്ല ലീഡ് നേടി. സിറ്റി ഞെട്ടി തരിച്ചു പോയ നിമിഷം. 37ആം മിനുട്ടിൽ മാറ്റി കാഷ് ആണ് ആസ്റ്റൺ വില്ലക്ക് ലീഡ് നൽകിയത്.

ഇതോടെ ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിക്കും 90 പോയിന്റ് എന്നായി. അപ്പോൾ ഗോൾ ഡിഫറൻസിൽ സിറ്റി മുന്നിൽ. കളി ഇതേ നിലയിൽ ആദ്യ പകുതിക്ക് പിരിഞ്ഞു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ലിവർപൂൾ മാനെയിലൂടെ ലീഡ് എടുത്തു എങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചത് തൽക്കാലം സിറ്റിക്ക് ആശ്വാസമായി. പക്ഷെ ആശ്വാസം നീണ്ടു നിന്നില്ല. 69ആം മിനുട്ടിൽ മുൻ ലിവർപൂൾ താരം കൗട്ടീനോ ആസ്റ്റൺ വില്ലയെ രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തിച്ചു. സിറ്റി കളി കൈവിട്ട നിമിഷം.

പക്ഷെ അപ്പോഴും മാഞ്ചസ്റ്റർ സിറ്റി ഗോൾ ഡിഫറൻസിൽ സിറ്റി ഒന്നാമത്. ലിവർപൂളിന് കിരീടം ഒരു ഗോളിന് മാത്രം അകലെ.
20220522 222136
76ആം മിനുട്ടിൽ ഗുണ്ടോഗന്റെ ഹെഡറിൽ സിറ്റി ഒരു ഗോൾ മടക്കി. സ്കോർ 2-1. അപ്പോഴും സിറ്റിയുടെ മുന്നിൽ പണി ഏറെ ബാക്കി. രണ്ട് മിനുട്ടിനപ്പുറം സിറ്റിയുടെ സമനില ഗോൾ. റോഡ്രിയുടെ എഡ്ജ് ഓഫ് ദ ബോക്സിൽ നിന്നുള്ള ഷോട്ട് വലയിൽ. സ്കോർ 2-2. സിറ്റി ലിവർപൂളിനെക്കാൾ ഒരു പോയിന്റ് മുന്നിൽ. അപ്പോഴും ലിവർപൂൾ കിരീടം ഒരു ഗോൾ മാത്രം അകലെ.

ലിവർപൂളിന്റെ ക്വാഡ്രപ്പിൾ മോഹം തകർത്ത ഗോൾ വന്നത് 82ആം മിനുട്ടിൽ ആയിരുന്നു. വീണ്ടും ഗുണ്ടോഗന്റെ ഗോൾ. സബ്ബായി ഇറങ്ങി ഇരട്ട ഗോളുകൾ. സിറ്റി 3-2ന് മുന്നിൽ. ലിവർപൂൾ ജയിച്ചാലും പ്രശ്നമില്ല എന്ന അവസ്ഥയിൽ മാഞ്ചസ്റ്റർ സിറ്റി‌. കിരീടം ഉറപ്പിക്കാൻ ഇനി ഫൈനൽ വിസിൽ മാത്രം മതി എന്ന അവസ്ഥയിൽ.

മറുവശത്ത് ലിവർപൂൾ സലായിലൂടെ ഒരു ഗോൾ നേടി ലീഡിൽ എത്തി. പിന്നെ അവരുടെ പ്രാർത്ഥന ആസ്റ്റൺ വില്ലയുടെ ഒര് ഗോളിന് വേണ്ടിയായി. പക്ഷെ അത് വന്നില്ല. സിറ്റി ചാമ്പ്യന്മാരാവുകയും ചെയ്തു. റൊബേർട്സണിലൂടെ ഒരു ഗോൾ കൂടെ നേടിയ ലിവർപൂൾ 3-1ന്റെ വിജയം നേടി കളി അവസാനിപ്പിച്ചു.
20220522 215743

ലിവർപൂളിന് 38 മത്സരങ്ങളിൽ നിന്ന് 92 പോയിന്റും സിറ്റിക്ക് 38 മത്സരങ്ങളിൽ നിന്ന് 93 പോയിന്റുമാണുള്ളത്. തുടർച്ചയായ രണ്ടാം വർഷമാണ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്ററിന്റെ നീലകോട്ടയിലേക്ക് പോകുന്നത്. ലിവർപൂളിന്റെ ഇരുപതാം ലീഗ് കിരീടം എന്ന ആഗ്രഹവും ഒപ്പം ക്വാഡ്രപിൾ എന്ന സ്വപ്നവും ഇന്നത്തെ പരാജയത്തോടെ ഇല്ലാതായി.

സിറ്റിയുടെ എട്ടാം ലീഗ് കിരീടമാണ് ഇത്. അവസാന അഞ്ചു വർഷങ്ങൾക്ക് ഇടയിലെ നാലാം കിരീടവും. ഈ സീസണിലെ ആദ്യ കിരീമാണ് പെപിന് ഇത്. ഇന്ന് നിരാശയോടെ മടങ്ങുന്ന ലിവർപൂളിന് ഇനി ചാമ്പ്യൻസ് ലീഗ് ഫൈനലിലാകും ശ്രദ്ധ.